ആലുവ: അന്തർ സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ തെക്കേപ്പുറം നിലയാളിക്കൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (26), വയനാട് വെൺമണി കൈതക്കൽ വീട്ടിൽ റോപ് സൺ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പിൽ സബീർ (57) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 ഓടെയാണ് സംഭവം.
പ്രതികൾ വഴിയരികിൽ കാർ നിർത്തിയിട്ട് വാഹനത്തിലേക്ക് ചായ കൊണ്ടുവരാനാവശ്യപ്പെട്ടു. ചായ കൊടുത്ത ശേഷം തിരിഞ്ഞു നടന്ന തൊഴിലാളിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റിയ ശേഷം സംഘം എറണാകുളം ഭാഗത്തേക്ക് പോയി. പോകുന്ന വഴി കണ്ണ് കെട്ടി. പണം കൈക്കലാക്കിയ ശേഷം മൊബൈൽ ബലമായി വാങ്ങിയെടുത്ത് പുലർച്ചെ കലൂർ ഭാഗത്ത് മുഹമ്മദ് സബീറിനെ ഉപേക്ഷിച്ച് സംഘം കടന്നു.
പ്രതികളെ എറണാകുളത്തെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. വാഹനവും കണ്ടെടുത്തു. റോപ്സണുമായി പരിചയമുള്ളയാളാണ് സബീർ. ഡിവൈ.എസ്.പി എ. പ്രസാദ്, എസ്.ഐമാരായ കെ. നന്ദകുമാർ, എസ്.എസ്. ശ്രീലാൽ, എ.എസ്.ഐ കെ.എ. നൗഷാദ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, എം.എസ്. സന്ദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.