പെരുമ്പാവൂര്‍: വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസി പിടിയിൽ. വാഴക്കുളം മുടിക്കല്‍ പെരിയാര്‍ ജങ്ഷന് സമീപം ചക്കാലപ്പറമ്പില്‍ റോയിയെയാണ് (54) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന് സമീപം താമസിക്കുന്ന മേരി ഫ്രാന്‍സിസിന്റെ (76) ആഭരണങ്ങളാണ് കവര്‍ന്നത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ വയോധിക വാടകക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി ചുറ്റികകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചശേഷം മാലയും രണ്ട് വളയും രണ്ട് മോതിരവും ഉൾപ്പെടെ നാലുപവനോളം കവരുകയായിരുന്നു. സംഭവശേഷം ഒന്നും അറിയാത്തരീതിയില്‍ നാട്ടുകാര്‍ക്കൊപ്പം വയോധികയെ ആശുപത്രിയില്‍ കൊണ്ടുപോകാനും കൃത്യം നടത്തിയ ആളെ കണ്ടെത്താനുള്ള അന്വേഷണത്തിനും ഒപ്പംകൂടി.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ വയോധിക മകനോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. സ്വര്‍ണം പ്രതിയുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

