
ലംബോർഗിനിയിൽ ബിബിൻ
കോലഞ്ചേരി: മൂന്ന് വർഷത്തെ പരിശ്രമത്തിന് അവസാനം സ്വപ്ന സാക്ഷാത്കാരമായി ലംബോർഗിനി ആഡംബര കാർ ഒരുക്കുന്ന തിരക്കിലാണ് ബിബിൻ. തിരുവാണിയൂർ താണിക്കുഴിയിൽ ബിബിൻ ചാക്കോയാണ് ലംബോർഗിനി നിർമാണം അന്തിമഘട്ടത്തിലെത്തിച്ചത്. കൗതുകവും ആവേശവും കൂടിച്ചേർന്നപ്പോൾ അത് ലക്ഷ്യത്തിലേക്കെത്തുകയാണ്.
2023 ൽ ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് കടമ്പ കടക്കും മുന്നേ തുടങ്ങിയതാണ് വാഹന നിർമാണം. ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡ്രൈവർ അടക്കം രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. വീട്ടുമുറ്റത്തും സമീപ പ്രദേശങ്ങളിലുമെല്ലാം ‘പരിശീലന ഓട്ടം’ പൂർത്തിയാക്കി.
ഫൈബറിലാണ് പുറംചട്ട തീർത്തത്. ഒപ്പം പൈപ്പും മെറ്റലുമെല്ലാം നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. നിരത്തിലിറക്കാൻ കഴിയില്ലെങ്കിലും നിർമാണം പൂർത്തിയാകുന്നതോടെ എക്സിബിഷനിലും മറ്റും ഇത് പ്രദർശിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. വീട്ടുകാരും സുഹൃത്തുക്കളും നൽകുന്ന പിന്തുണയാണ് ഈ യുവാവിന് ലക്ഷ്യത്തിലേക്ക് പിൻബലമായത്.
