
കൊച്ചി: തിരുവാണിയൂർ പഞ്ചായത്തിലെ 68 ാം നമ്പർ മറ്റക്കുഴി വെൺമണി അംഗൻവാടിയിൽ ഒരു കുഞ്ഞുതൂവാല അനാഥമായി കിടപ്പുണ്ട്. മാതൃക്രൂരതയാൽ കൊലചെയ്യപ്പെട്ട കല്യാണിയുടേതായിരുന്നു അത്. തിങ്കളാഴ്ച ഉച്ചക്ക് മറ്റ് കുരുന്നുകളോടൊപ്പം അംഗൻവാടിയിലെ ഇഷ്ടകുതിരപ്പുറത്തേറിയാണ് അവൾ കളിച്ചത്. ആ സമയത്തെപ്പോഴോ മറന്നുവച്ചതാണ് ആ കുഞ്ഞുതൂവാല. ഇതിനിടെയിലാണ് ആ കുരുന്നിനെ മരണത്തിലേക്ക് മാടിവിളിക്കാനായി അമ്മ സന്ധ്യയെത്തിയത്. ഒന്നുമറിയാതെ അവൾ അമ്മക്കൊപ്പം പോയി. അമ്മയുടെ കൈകളാൽ ചാലക്കുടി പുഴയുടെ ആഴങ്ങളിൽ ആ പിഞ്ചു ജീവൻ പൊലിയുകയും ചെയ്തു.
ഒരു വർഷത്തിലേറെയായി അംഗൻവാടിയിലെ താരമാണ് കല്യാണി. കൂട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൾ. ആടാനും പാടാനും മിടുക്കി. ഈ അധ്യയന വർഷം സ്കൂളിൽ ചേരാനുളള ആവേശത്തിലായിരുന്നു. 14 കുരുന്നുകളാണിവിടെയുളളത്. ഓരോരുത്തരും തമ്മിൽ പിരിയാനാകാത്ത ബന്ധം. പാലും ലഡുവും കൊടുത്ത് നിറചിരിയും സമ്മാനിച്ച് യാത്രപറഞ്ഞ കുഞ്ഞുമിടുക്കി ഇനിയില്ലെന്നറിയുമ്പോൾ അംഗൻവാടി അധ്യാപിക സൗമ്യക്കും ഹെൽപർ സിന്ധുവിനും തേങ്ങലടക്കാനാകുന്നില്ല.
കൂട്ടുകാരിക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് സഹപാഠികൾക്കൊന്നുമറിയില്ല. എങ്കിലും കല്യാണിക്ക് അരുതാത്തതെന്തോ സംഭവിച്ചുവെന്നറിയാം. അംഗൻവാടിയെ സജീവമാക്കിയിരുന്ന ആ പിഞ്ചുകൊഞ്ചലുകൾ ഇനിയില്ല എന്ന വേദനയിലാണ് മറ്റ് കുട്ടികളുടെ മാതാപിതാക്കളും.
+ There are no comments
Add yours