
എന്റെ കേരളം പ്രദർശന മേളയിലെ കേരള പൊലീസിന്റെ സ്റ്റാൾ
കൊച്ചി: വൈവിധ്യങ്ങളായ അറിവും അത്ഭുതങ്ങളുമൊരുക്കി ശ്രദ്ധേയമാകുകയാണ് മറൈൻഡ്രൈവിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശനം. സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ, വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഏറെ ആകർഷകമാണ്. 23 വരെയാണ് പ്രദർശനം.
അടുത്തറിയാം, അഗ്നിരക്ഷാസേനയെ
സാഹസികതയുടെ നേർക്കാഴ്ചയാകുകയാണ് മേളയിലെ അഗ്നിരക്ഷാസേനയുടെ സ്റ്റാൾ. ജില്ല ഫയർ ആൻഡ് റെസ്ക്യൂ വകുപ്പാണ് നടത്തിപ്പുകാർ. ബർമ ബ്രിഡ്ജ് അടക്കമുളള നിരവധി അത്ഭുതങ്ങളാണിവിടെ. പ്രധാന വേദിയോട് ചേർന്ന് കയർ കൊണ്ടുള്ള പാലം തയാറാക്കിയിട്ടുണ്ട്. മേളയിലെത്തുന്ന സാഹസികർക്ക് ബ്രിഡ്ജിലൂടെ യാത്ര ചെയ്യാം. റോബോട്ടിക് ഫയര്‍ ഫൈറ്ററും മേളയിലെ താരമാണ്. തീ പൊള്ളലേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫയര്‍ പ്രോക്സിമിറ്റി സ്യൂട്ട്, സ്പ്രിങ്ക്ളർ സിസ്റ്റം, ഫയർ ബോൾ, ഫയർ ഫൈറ്റ് ബ്ലോവർ, ഫയര്‍ എന്‍ട്രി സ്യൂട്ട്, ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോൾ പ്രതിരോധിക്കാനുള്ള ഹാച്ചറിങ് ബെല്‍റ്റ്, ജലാശയ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളായ സ്കൂബാ സെറ്റ്, വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ബ്രീത്തിങ് അപ്പാരറ്റസ്, വിവിധ എക്സ്റ്റിൻഗ്വിഷറുകളുടെ പ്രവര്‍ത്തനരീതി, ഹാം റേഡിയോ ഉപയോഗങ്ങൾ എന്നിങ്ങനെ ഒരു നാടിന്റെ രക്ഷയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.
പുത്തനറിവുകളൊരുക്കി പൊലീസ്
പുതുതലമുറക്ക് അറിവും അത്ഭുതവുമൊരുക്കുന്ന രീതിയിലാണ് പൊലീസ് സ്റ്റാളിന്റെ ക്രമീകരണം. സ്റ്റേഷൻ നടത്തിപ്പ് മുതൽ ആയുധങ്ങളുടെ ഉപയോഗം വരെ അടുത്തറിയാം. എ.കെ-47, വിവിധ തരം റൈഫിളുകൾ അടക്കമുളള പൊലീസിന്റെ ആയുധങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒപ്പം സൈബർ പൊലീസ്, ടെലികമ്യൂണിക്കേഷൻ വിഭാഗം, സോഷ്യൽ പൊലീസിങ്, സ്റ്റുഡൻറ്സ് പൊലീസ് അടക്കം എല്ലാ വിഭാഗങ്ങളേയും അടുത്തറിയാനും കഴിയും. യോദ്ധാവ്, ചിരി, ഡി-ഡാഡ്, ഹോപ്പ്, പ്രശാന്തി, ഡി.സി.ആർ.സി, 1930,112 തുടങ്ങിയ വിഭാഗങ്ങളെക്കുറിച്ചും മേളയിലെത്തുന്നവർക്ക് വിശദീകരിക്കാൻ പൊലീസുകാർ സദാ സമയവും റെഡിയാണ്.
ലോക്കപ്പ് മുതൽ തൂക്കുകയർ വരെ
ലോക്കപ്പ് മുതൽ തൂക്കുകയർ വരെ ഒരുക്കിയാണ് ജയിൽ വകുപ്പിന്റെ സ്റ്റാൾ കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ജയിലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന രീതിയിലാണ് ക്രമീകരണം. ഒരു കുറ്റവാളി ജയിലിലേക്കെത്തുന്നത് മുതൽ അയാളെ തൂക്കിലേറ്റുന്നത് വരെയുളള കാര്യങ്ങൾ ഇവിടെ പ്രതീകാത്മകമായി ഒരുക്കിയിട്ടുണ്ട്. കാഴ്ചക്കാർക്ക് ഇതെല്ലാം അടുത്തറിയാനും വിശദീകരിച്ച് നൽകാനും ഇദ്യോഗസ്ഥരുമുണ്ട്. ഒപ്പം ജില്ലയിലെ വിവിധ ജയിലുകളെ കുറിച്ചുളള വിശദീകരണങ്ങളുമുണ്ട്.
കാർഷിക കാഴ്ചകളുമായി കൃഷിവകുപ്പ്
കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗമടക്കമുളള നൂതന സംവിധാനങ്ങളാണിവിടെയുളളത്. ഒപ്പം കേരള അഗ്രോ ഉൽപന്നങ്ങളുടെയും മില്ലറ്റ് ഉൽപന്നങ്ങളുടെയും പ്രദർശനവും സ്റ്റാളിലുണ്ട്. കാർഷിക സേവനങ്ങൾ ലഭ്യമാക്കുന്ന കതിർ ആപ്പ്, രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്, കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡെസ്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന പ്ലാന്റ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും ഒരുക്കിയിട്ടുണ്ട്.
+ There are no comments
Add yours