
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ മരണപ്പെട്ടവർക്കും സാമൂഹിക സുരക്ഷ പെന്ഷന് കിട്ടിയതായി ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. പരേതരായവരുടെ അക്കൗണ്ടിലേക്കാണ് പെൻഷൻ തുക എത്തിയിരിക്കുന്നത്. ഇത്തരത്തിൽ പരേതർക്ക് പെൻഷൻ ലഭിക്കുന്നുണ്ടോയെന്ന് നഗരസഭ സെക്രട്ടറിയും സെക്ഷൻ ക്ലർക്കും പരിശോധന നടത്തണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. അനർഹമായി പെൻഷൻ കൈപ്പറ്റിയവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം തുക തിരിച്ച് പിടിക്കണമെന്ന് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരസഭയിൽ നിലവിൽ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്നവരിൽ സർക്കാർ ഉദ്യോഗം നേടിയവർ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയ രേഖകൾ ഓഡിറ്റ് വിഭാഗത്തിന് കൈമാറാൻ നിർദ്ദേശിച്ചു. വികലാംഗ പെൻഷൻ കൈപ്പറ്റുന്നവരുടെ വിവരങ്ങൾ തൃക്കാക്കര നഗരസഭയിൽ സൂക്ഷിക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഓണാഘോഷ പരിപാടികളുടെ പേരിലും ഫണ്ട് വെട്ടിപ്പ്
2023ൽ തൃക്കാക്കര നഗരസഭ നടത്തിയ ഓണാഘോഷ പരിപാടികളുടെ പേരിലും വൻ ഫണ്ട് വെട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. വെള്ളക്കടലാസിൽ ഒരേ കൈപ്പടയിൽ വ്യാജ വൗച്ചർ തയ്യാറാക്കിയാണ് പണം തട്ടിയത്. വിലാസമോ ഫോൺ നമ്പറോ പോലുമില്ലാത്ത വൗച്ചറുകളാണ് പലതും. 25 ലക്ഷം രൂപ നഗരസഭയുടെ അക്കൗണ്ടിൽനിന്ന് ഒരുമിച്ചുപിൻവലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ആ അക്കൗണ്ടിൽ നിന്നാണ് പണമിടപാട് നടത്തിയിരിക്കുന്നത്. ഓണാഘോഷ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റികൾക്ക് മുൻകൂറായി പണം നൽകിയത് ചട്ടവിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. മുൻകൂർ തുക കൈപ്പറ്റിയവരെ കുറിച്ചുള്ള വിവരങ്ങളൊന്നും കാഷ് ബുക്കിലില്ല. 1,000 രൂപയിൽ കൂടുതലുള്ള തുകകൾ നേരിട്ട് കൈമാറരുതെന്നും ചെക്ക് മുഖേനയോ അക്കൗണ്ട് വഴിയോ മാത്രമേ നടത്താവൂ എന്നുമാണ് നിയമം. കണക്കിലെ ഗുരുതര ക്രമക്കേടുകളെക്കുറിച്ചുള്ള ഓഡിറ്റ് വകുപ്പിന്റെ ചോദ്യങ്ങൾക്ക് നഗരസഭാധികൃതർക്ക് കൃത്യമായ മറുപടിയില്ല.
+ There are no comments
Add yours