
പറവൂർ: നഗരസഭ വക കെ.ആർ. വിജയൻ ഷോപ്പിങ് കോംപ്ലക്സിന്റെ പാർക്കിങ് സ്ഥലത്ത് ധർണകൾ, യോഗങ്ങൾ, സമ്മേളനങ്ങൾ എന്നിവ നിരോധിച്ച് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച്, മന്ത്രിക്ക് സ്വീകരണ സമ്മേളനം ഒരുക്കിയത് വിവാദമായി. പറവൂരിൽ സർക്കാർ കോളജ് അനുവദിച്ചതിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനാണ് എൽ.ഡി.എഫ് സ്വീകരണം നൽകിയത്.
ഇതിനായി ഷോപ്പിങ് കോംപ്ലക്സിലാണ് സ്റ്റേജ് അടക്കം സജ്ജീകരിച്ചിരുന്നത്. ഇതിനെതിരെ കോൺഗ്രസും വ്യാപാരികളും നഗരസഭയും രംഗത്തുവന്നതോടെ രംഗം വഷളായി. സ്റ്റേജ് കെട്ടിയ സ്ഥലത്ത് തന്നെ പരിപാടി നടത്തുമെന്ന വെല്ലുവിളിയുമായി സി.പി.എം- സി.ഐ.ടി.യു നേതാക്കളും എത്തി. ഇതിനിടയിൽ ചെയർപേഴ്സന്റെ നിർദേശാനുസരണം നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി. നടപടി വൈകുന്നതിനിടെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ എത്തി.
സ്റ്റേജ് ഉടൻ പൊളിച്ചു മാറ്റാൻ മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശമുണ്ടായി. ഉടൻ സി.ഐ.ടി.യുക്കാരും ഡി.വൈ.എഫ്.ഐക്കാരും ചേർന്ന് സ്റ്റേജ് പൊളിക്കാൻ ആരംഭിച്ചു. സമീപത്ത് ഉണ്ടായിരുന്നവർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. ഷോപ്പിങ് കോംപ്ലക്സിന്റെ പാർക്കിങ് സ്ഥലത്ത് ധർണകളും സമ്മേളനങ്ങളും നടത്തുന്നത് പതിവായതിനാൽ ആളുകൾ കയറാത്തത് കച്ചവടം കുറയാൻ കാരണമായതിനാൽ സൂപ്പർ മാർക്കറ്റ് ഉടമ മാഞ്ഞാലി മാട്ടുപുറം സ്വദേശി ടി.എം. നിസാർ ഹൈകോടതിയെ സമീപിച്ചു.
നഗരസഭയും നഗരസഭ സെക്രട്ടറിയും പറവൂർ എസ്.എച്ച്.ഒയും ആയിരുന്നു കേസിൽ എതിർ കക്ഷികൾ. സ്വതന്ത്രമായി കച്ചവടം നടത്തുവാനുള്ള സാഹചര്യം ഒരുക്കണമെന്നായിരുന്നു ആവശ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ. നാഗരേഷ് നഗരസഭ സെക്രട്ടറിയുടെ അനുവാദമില്ലാതെ ഷോപ്പിങ് കോംപ്ലക്സിൽ യോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നത് നിരോധിച്ച് 2023 ജൂലൈ 31 ഉത്തരവിറക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ ഇവിടെ ബോർഡും സ്ഥാപിച്ചു. ഇതോടെ പുറത്തു നിന്നുള്ളവരുടെ കടന്നുകയറ്റം അവസാനിച്ചു. മന്ത്രിക്ക് സ്വീകരണം നൽകാൻ നിയമ ലംഘനം നടത്തിയത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
+ There are no comments
Add yours