
കൊച്ചി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുന്നതിൽ വലിയ സന്തോഷമെന്ന് എൻ.ഐ.എ അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന മുൻ കേരള ഡി.ജി.പിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡിയുമായ ലോക് നാഥ് ബെഹ്റ. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ അമേരിക്കയില് പോയി ചോദ്യംചെയ്തത് ലോക്നാഥ് ബെഹ്റയായിരുന്നു.
അതിനിടെ, റാണയെ ഇന്ത്യയിലെത്തിച്ചതിനെച്ചൊല്ലി കൊമ്പുകോർത്ത് കോൺഗ്രസും ബി.ജെ.പിയും. യു.പി.എ സർക്കാരിന്റെ കാലത്ത് തുടക്കമിട്ട നയതന്ത്ര അടിത്തറയുടെ പ്രായോജകർ മാത്രമാണ് മോദിസർക്കാരെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. ഇത് കരുത്തുറ്റ ഇടപെടലായി വാഴ്ത്തപ്പെടേണ്ട ഒന്നല്ല, മറിച്ച് വർഷങ്ങൾ നീണ്ട നയതന്ത്ര നീക്കങ്ങളുടെ ഫലമാണ്. റാണയെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ യു.പി.എ സർക്കാരാണ് ആരംഭിച്ചത്. 2009ൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പാകിസ്താൻ വംശജനായ ഹെഡ്ലിക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇതിന്റെ തുടക്കമെന്നും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ പി. ചിദംബരം വ്യക്തമാക്കി.
അതേസമയം, മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരെ ശിക്ഷിക്കാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നായിരുന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വിമർശനം. അജ്മൽ കസബിന് ബിരിയാണി വിളമ്പുകയായിരുന്നു യു.പി.എ സർക്കാർ ചെയ്തതെന്നും പിയൂഷ് ഗോയൽ ആരോപിച്ചു. റാണക്ക് വധശിക്ഷ നൽകണമെന്ന് ശിവസേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുർവേദി പറഞ്ഞു. ഹാഫിസ് സഈദിനെയും ഡേവിഡ് ഹെഡ്ലിയെയും ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുമെന്നും ശിക്ഷിക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.
എൻ.ഐ.എക്കുവേണ്ടി ദയാൻ കൃഷ്ണൻ ഹാജരാവും
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ കൈമാറുന്നതിനായി യു.എസ് സുപ്രീംകോടതിയിൽ ഇന്ത്യക്കുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണൻ ഇനി ഡൽഹിയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) പ്രോസിക്യൂഷന് നേതൃത്വം നൽകും. ഡൽഹി ഹൈകോടതിയിൽ മുമ്പ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സി.ബി.ഐ) പ്രതിനിധാനംചെയ്ത ക്രിമിനൽ അഭിഭാഷകനായ സ്പെഷൽ പ്രോസിക്യൂട്ടർ നരേന്ദർ മാന്നിനൊപ്പമാവും കൃഷ്ണന്റെ പ്രവർത്തനം. അഭിഭാഷകരായ സഞ്ജീവി ശേഷാദ്രി, ശ്രീധർ കാലെ എന്നിവരും എൻ.ഐ.എ അഭിഭാഷകരും സംഘത്തിന്റെ ഭാഗമാവുമെന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാത്രി നരേന്ദർ മാന്നിനെ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി മൂന്നുവർഷത്തേക്ക് നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.
