
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിൽ പരിഹാരമുണ്ടാകുമെന്ന് മുനമ്പം നിവാസികൾ വിചാരിച്ചെന്നും എന്നാൽ, കേന്ദ്ര സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്നും അൽമായ മുന്നേറ്റം നേതാവ് ഷൈജു ആന്‍റണി. വഖഫ് ഭേദഗതി ബിൽ വരുമ്പോൾ മുനമ്പം നിവാസികൾക്ക് പരിഹാരം കിട്ടുമെന്നാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം മുഴുവനും സത്യസന്ധമായി വിചാരിച്ചത്. ഭേദഗതി ബിൽ വായിച്ചാൽ മുനമ്പം നിവാസികളുടെ അടുത്ത തലമുറ പോലും കോടതി കയറി നിരങ്ങുക എന്നല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് മനസിലാകുമെന്നും ഷൈജു ആന്‍റണി വ്യക്തമാക്കി.
വഖഫ് ബില്ലിൽ മുനമ്പം ജനതക്ക് ഗുണം ചെയ്യുന്ന ഒരു സെക്ഷൻ എഴുതി ചേർത്തിരുന്നെങ്കിൽ പ്രശ്നത്തിന് പരിഹാരമാകുമായിരുന്നു. നേരത്തെയുള്ള വഖഫ് നിയമം സെക്ഷൻ 97ൽ കേരള സർക്കാറിന് നിർദേശം കൊടുക്കാമെന്നും അങ്ങനെ നിർദേശം കൊടുത്താൽ വഖഫ് ബോർഡ് പാലിക്കാൻ നിർബന്ധിതരാണെന്നും കൃത്യമായി പറയുന്നുണ്ട്.
ഇത്തരത്തിൽ നിർദേശം കൊടുക്കാനുള്ള നടപടിയുടെ ഭാഗമായാണ് കേരള സർക്കാർ കമീഷനെ വെക്കുകയും അതുവഴി നിർദേശം നൽകാനുമാണ് പരിശ്രമിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിലെ ഏത് സെക്ഷൻ വഴി മുനമ്പം പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് വൈദികർക്കും മുനമ്പം സമരസമിതി നേതാക്കൾക്കും യാതൊരു ഉറപ്പുമില്ലെന്നും ഷൈജു ആന്‍റണി ചാനൽ ചർച്ചയിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കേന്ദ്ര മന്ത്രിമാർ പാർലമെന്‍റിന്‍റെ അകത്തും പുറത്തും പറഞ്ഞിരുന്നത്. മുനമ്പത്തെ സമരപ്പന്തൽ സന്ദർശിച്ച ബി.ജെ.പി നേതാക്കളും ഈ വാഗ്ദനമാണ് നിവാസികൾക്ക് മുമ്പാകെ വെച്ചത്.
എന്നാൽ, പാർലമെന്‍റ് പാസാക്കിയ ഭേദഗതി ബില്ലിൽ മുനമ്പം വഖഫ് ഭൂമിയുടെ റവന്യു അധികാരം ലഭിക്കുന്നതിന് യാതൊരു നിർദേശവുമില്ല എന്നതാണ് വസ്തുത. അതേസമയം, വഖഫ് ട്രൈബ്യൂണൽ വിധി കൽപിക്കുന്ന ഭൂമി തർക്കത്തിൽ അപ്പീൽ കോടതിയെ സമീപിക്കാൻ സാധിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. എന്നാൽ,ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാത്ത സാഹചര്യത്തിൽ മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുനമ്പം നിവാസികൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കില്ല.
മുനമ്പവും വഖഫ് ഭേദഗതിയും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നും ചൂണ്ടിക്കാട്ടിയത്. മുനമ്പത്തേത് സംസ്ഥാന സര്‍ക്കാറിനും വഖഫ് ബോര്‍ഡിനും 10 മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതായിരുന്നു ഭേദഗതികള്‍. അതിനെ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ചില ശക്തികള്‍ ശ്രമിച്ചു. മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മില്‍ ഒരു ബന്ധവുമില്ല. മുനമ്പത്തെ വിഷയം സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും 10 മിനിട്ട് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ.
കേരളത്തിലെ മുഴുവന്‍ മുസ് ലിം സംഘടനകളും ക്രൈസ്തവ സംഘടനകളും മുനമ്പത്തെ ജനങ്ങളെ അവിടെ നിന്നും ഇറക്കി വിടരുതെന്നും സ്ഥിരമായ ആവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സംഘടനകള്‍ക്കുമില്ല. മുനമ്പത്തിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാന്‍ ശ്രമം നടത്തി.
വഖഫ് ബില്‍ പാസാക്കിയതു കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടുമോ? തീരാന്‍ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രബല്യമില്ല. എന്നിട്ടും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.�
+ There are no comments
Add yours