
ഫോർട്ട്കൊച്ചി: കൊടുംചൂട് കാലാവസ്ഥ കൊച്ചിയിലേക്കുളള വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നു.�ചൂട് കനത്തതോടെ വിദേശികൾ തങ്ങുന്ന ഫോർട്ട്കൊച്ചി മേഖലയിലെ ഹോം സ്റ്റേകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളുടെയും സ്ഥിതിയും അതുതന്നെ. കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹത്തിന്റെ ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് വിദേശികളാണ് എല്ലാവർഷവും എത്തിയിരുന്നത്.
ചില ടൂർ ഓപറേറ്റർമാർ നിറങ്ങളുടെ ഉത്സവമെന്ന പേരിൽ സഞ്ചാരികൾക്ക് ഇതൊരു ടുർ പ്രോഗ്രാമായി ഒരുക്കാറുമുണ്ട്. എന്നാൽ, വെള്ളിയാഴ്ച നടന്ന ഹോളി ആഘോഷത്തിൽ നാമമാത്രമായ വിദേശികളാണ് പങ്കെടുത്തത്.�മട്ടാഞ്ചേരി പാലസ് റോഡിലെ നവനീത് കൃഷ്ണ ക്ഷേത്രത്തിനു മുമ്പിൽ നടക്കുന്ന ഹോളി ആഘോഷ പരിപാടികളിൽ സാധാരണ ഗതിയിൽ രാവിലെ 10 മുതൽ തന്നെ വിദേശികളുടെ തിരക്കാണ് അനുഭവപ്പെടുക. എന്നാൽ വെള്ളിയാഴ്ച ഉച്ചവരെ എത്തിയത് ആറ് വിദേശികൾ മാത്രം. ഉച്ചയോടെയാണ് ഓട്ടോറിക്ഷക്കാർ ഏതാനും വിദേശികളെ കൊണ്ടുവന്നത്.
സഞ്ചാരികൾ വർണപ്പൊടികൾ എറിഞ്ഞും പരസ്പരം ദേഹത്ത് പുരട്ടിയും ഹോളി ആഘോഷിച്ച് സന്തോഷത്തോടെ മടങ്ങുകയും ചെയ്തു.�കൊച്ചിയിലെ കൊടുംചൂട് സഹിക്കാൻ കഴിയുന്നില്ലെന്ന് സഞ്ചാരികളിൽ ഒരാളായ നെതർലൻഡ് സ്വദേശി ഡെൽമൻ സ്റ്റുവർട്ട് പറഞ്ഞു. ചൂടുമൂലം പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. മൂന്ന് ദിവസം കൊച്ചിയിൽ തങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒറ്റദിവസം കൊണ്ട് താമസം മതിയാക്കി മൂന്നാറിലേക്ക് പോകുകയാണെന്നും സ്റ്റുവർട്ട് കുട്ടിച്ചേർത്തു.
പുറത്തിറങ്ങിയാൽ ചൂടും അകത്തിരുത്താൽ കൊതുകും തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആസ്ത്രേലിയൻ സ്വദേശിനി മാർഗരറ്റും ‘മാധ്യമ’ത്തോട് പറഞ്ഞു.�ചൂടുമൂലം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടെന്നാണ് കമാലക്കടവിലെ കച്ചവടക്കാർ പറയുന്നത്.