
ഫോർട്ട്കൊച്ചി: വൈപ്പിൻ-ഫോർട്ട്കൊച്ചി കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന രണ്ട് റോ-റോ വെസലുകളിൽ ഒന്ന് കട്ടപ്പുറത്തായതോടെ യാത്രക്കാർ ദുരിതത്തിലായി. സേതുസാഗർ ഒന്ന് എന്ന വെസലാണ് മൂന്നുദിവസമായി തകരാറിലായി അറ്റകുറ്റപ്പണിക്കായി മാറ്റിയത്. നിലവിൽ ഒരു വെസൽ മാത്രമാണ് സർവിസ് നടത്തുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് മറുകര കടക്കാൻ ഇരുകരയിലും കാത്തുകിടക്കുന്നത്. ഞായറാഴ്ച അവധി ദിനമായതിനാൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു റോ-റോയിൽ കയറാൻ കാത്തുകിടന്നത്.
മേഖലയിൽ സർവിസ് നടത്തിയിരുന്ന ഫോർട്ട് ക്യൂൻ എന്ന നഗരസഭയുടെ ബോട്ട് ഒരുവർഷമായി ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിന്റെ പേരിൽ മാറ്റിയിട്ടിരിക്കയാണ്. ഇപ്പോൾ ഈ ബോട്ട് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. അറ്റകുറ്റപ്പണിക്കായി കയറ്റിയ റോ-റോ വെസലിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്. ദുരിതപൂർണമായ സാഹചര്യത്തിൽ യാത്രാബോട്ട് സർവിസിനിറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മൂന്നാമത്തെ റോ-റോ വെസലിനായി നഗരസഭ ഷിപ്യാർഡുമായി കരാറായെങ്കിലും നിർമാണം പൂർത്തിയാകാൻ മാസങ്ങളെടുക്കും.