
മൂവാറ്റുപുഴ: കാല് മാറി നടത്തിയ ശസ്ത്രക്രിയ പോലെ പൈപ്പ് പൊട്ടിയത് കണ്ടെത്താനുള്ള ജല അതോറിറ്റിയുടെ കുഴി എടുക്കൽ മാമാങ്കം മൂലം പൈപ്പ് പൊട്ടാത്ത മേഖലകളിലും കുടിവെള്ളം മുടങ്ങി. നഗരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി മൂന്നു ദിവസം പിന്നിടുമ്പോഴാണിത്. ശനിയാഴ്ച രാത്രി കാവുംപടി റോഡിൽ പൈപ്പ് പൊട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.
ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം റോഡിലൂടെ ഒഴുകിയതോടെ ജലവിതരണം നിർത്തിവെച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്ന കരാറുകാർ കുടിശ്ശിക ലഭിക്കാനുള്ളതിനാൽ അടിയന്തര ജോലികൾ ചെയ്യാനായി രൂപവത്കരിച്ച ബ്ലൂ ബ്രിഗേഡാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. എന്നാൽ ഇവർ തിങ്കളാഴ്ച ആദ്യം ജോലി ആരംഭിച്ചത് പൈപ്പ് പൊട്ടിയ സ്ഥലത്തായിരുന്നില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുതുതായി ടാർ ചെയ്ത റോഡ് കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് പൈപ്പ് പൊട്ടിയത് അവിടെ അല്ലെന്നു മനസ്സിലായത്. ഇതോടെ കുഴി മൂടി.
ജല സംഭരണിയിൽ നിന്ന് ജല അതോറിറ്റിയുടെ വെള്ളൂർക്കുന്നത്തെ ജലസംഭരണിയിലേക്കുള്ള ടാങ്കിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പാണ് പൊട്ടിയതെന്ന് കരുതിയാണ് ആദ്യം ഇവർ റോഡ് കുഴിച്ച് പരിശോധന നടത്തിയത്. ഇതുമൂലം വാഴപ്പിള്ളി, പേഴയ്ക്കാപ്പിള്ളി, കടാതി എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജലവിതരണം തിങ്കളാഴ്ചയും തടസ്സപ്പെട്ടു. തെറ്റ് മനസ്സിലായതോടെയാണ് റോഡിന്റെ മറുവശത്തുള്ള കിഴക്കേക്കര ലൈനിൽ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. പൈപ്പ് പൊട്ടിയത് എവിടെ നിന്നാണെന്നു കണ്ടെത്താൻ വലിയ കുഴി കുഴിക്കേണ്ടി വന്നു. അറ്റകുറ്റപ്പണികൾ രാത്രി വൈകിയും തീർന്നിട്ടില്ല. ചൊവ്വാഴ്ചയും കുടിവെള്ളം മുടങ്ങാനാണ് സാധ്യത.