
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോപ്പസാങ് വാലത്ത് ഒരുക്കിയ നവരസ ചിത്രങ്ങൾ കാണാൻ കലാമണ്ഡലം ഗോപി എത്തിയപ്പോൾ
കൊച്ചി: പ്രകൃതിയുടെ പലവിധ വർണങ്ങൾ പോലെത്തന്നെ മനുഷ്യരുടെ മുഖത്ത് വിരിയുന്ന പല ഭാവങ്ങളെയും ചായക്കൂട്ടുകളാൽ സമഗ്രതയോടെ പകർത്തിയ ആ കലാകാരൻ ഇനിയില്ല. ജലച്ഛായത്തിലും അക്രിലിക്കിലും ഒരുപോലെ അഗ്രഗണ്യനായിരുന്ന, മലയാളികൾക്കിടയിൽ ചിത്രകലയെ ജനപ്രിയനാക്കിയ ഒരാളാണ് മോപ്പസാങ് വാലത്തിന്റെ വിയോഗത്തോടെ ഇല്ലാതാവുന്നത്.
കഥകളി കലാകാരൻമാരെ കാൻവാസിൽ പകർത്തുന്നതിൽ ഏറെ തൽപരനായിരുന്നു മോപ്പസാങ്. അദ്ദേഹം വരച്ച കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ നവരസ പരമ്പരയിൽ വരുന്ന പെയിൻറിങ്ങുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ബിസിനസ് ജെറ്റ് ടെർമിനലിൽ സ്ഥാപിച്ചത് കഴിഞ്ഞ നവംബറിലാണ്. തന്റെ ഒമ്പത് രസഭാവങ്ങളുടെ സൂക്ഷ്മാംശങ്ങൾ തനിമ ചോരാതെ പെയിന്റിങ്ങിൽ ആവിഷ്ക്കരിച്ചത് കാണാൻ പ്രായാധിക്യത്തിന്റെ അവശതകൾക്കിടയിലും ഗോപിയാശാൻ നേരിട്ടെത്തിയിരുന്നു. കൂടുതലായും ജലച്ചായ ചിത്രങ്ങൾ വരച്ചിരുന്ന മോപ്പസാങ് പക്ഷേ നവരസങ്ങൾ വരക്കാൻ അക്രിലിക്ക് പെയ്ന്റാണ് ഉപയോഗിച്ചത്.
ഈ ചിത്രങ്ങൾ വരച്ചു തീർക്കാൻ ഒരുദിവസം മുഴുവനും കലാമണ്ഡലം ഗോപി കഥകളി വേഷം ധരിച്ച് സിയാലിനായി ഭാവപ്രകാശം നടത്തുകയും അവയെ വിശദമായി ഫോട്ടോഗ്രാഫുകളിലാക്കി ചിത്രകാരൻ മോപ്പസാങ് കാൻവാസിൽ ആവിഷ്ക്കരിക്കുകയും ചെയ്യുകയായിരുന്നു.
�

മോപ്പസാങ്ങിന്റെ ചിത്രങ്ങൾ
ചിത്രംവരക്കൊപ്പം തന്നെ ചിത്രംവരയുടെ പാഠങ്ങൾ പകർന്നുനൽകുന്നതിലും മോപ്പസാങ് മുന്നിട്ടുനിന്നു. സംസ്ഥാനത്തുടനീളം നിരവധി ചിത്രകല ക്യാമ്പുകളും പ്രദർശനങ്ങളും സംഘടിപ്പിച്ചു. ആഴ്ചകൾക്ക് മുമ്പ് കൊല്ലം മൺറോ തുരുത്തിലുൾപ്പെടെ ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ചിത്രകാരൻ ലോക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ലൈവായി 100 ചിത്രങ്ങൾ വരച്ച് കലാപ്രേമികളുടെ മനം കവർന്നിരുന്നു. പ്രശാന്ത സുന്ദരമായ അന്തരീക്ഷങ്ങളെ അടുത്തറിഞ്ഞ് അവയെ പകർത്തുകയെന്നത് അദ്ദേഹത്തിന്റെ ഇഷ്ടസപര്യയായിരുന്നു.�