
ലോട്ടറി വിൽപനക്കാരിയെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ സ്കൂട്ടർ. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞത്
ഫോർട്ടുകൊച്ചി: റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിൽ വന്ന സ്കൂട്ടറിടിച്ച് ലോട്ടറി വിൽപനക്കാരിയായ വയോധികക്ക് പരിക്കേറ്റ സംഭവത്തിൽ സ്കൂട്ടർ ഓടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. സ്കൂട്ടറിന്റെ ഉടമയെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്കുമായുള്ള അന്വേഷണം ഊർജിതമാക്കി. നോർത്ത് പറവൂർ പെരുവാരം മേനേപ്പാടം വീട്ടിൽ വസന്ത ബാബുരാജ് (63) ആണ് സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷന് സമീപമായിരുന്നു റോഡ് മുറിച്ചു കടക്കവേ അമിത വേഗത്തിലെത്തിയ ഇലക്ട്രിക് സ്കൂട്ടർ ഇടിച്ചിട്ട് കടക്കുകയായിരുന്നുവെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ കച്ചവടക്കാർ സ്കൂട്ടറിന് പിന്നാലെ ഓടിയെങ്കിലും അതിവേഗം കടന്നുകളയുകയായിരുന്നു. പരിക്കേറ്റ വസന്തയെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ചയായതിനാൽ എക്സ്റേ എടുക്കാനുള്ള സംവിധാനമില്ലെന്ന് പറഞ്ഞ് മടക്കിയതായും പരാതിയുണ്ട്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.�