
വെറ്റിലപ്പാറയിൽ ആന മറിച്ചിട്ട തെങ്ങ്
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ശല്യം. ഒട്ടേറെ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. മാലിപ്പാറ കുരിശുമലയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കിന് സമീപത്തും ആനകളെത്തി. ഇവിടെ തെങ്ങ് കുത്തിമറിച്ചിടുകയും വാഴ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗത്ത് ആദ്യമായാണ് ആന ശല്യമുണ്ടാകുന്നത്.
കോട്ടപ്പാറ പ്ലാന്റേഷനില്നിന്നുള്ള ആനക്കൂട്ടം ബുധനാഴ്ച രാത്രി എട്ടോടെയാണ് ജനവാസ മേഖലകളിലേക്ക് കടന്നത്. പടക്കം പൊട്ടിച്ച് ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും കൃഷിയിടങ്ങള്‍ മാറിമാറി കയറിയ ആനക്കൂട്ടം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്ലാന്റേഷനിലേക്ക് മടങ്ങിയത്.
ഈ പ്രദേശത്ത് കുറച്ചുനാളായി ആന ശല്യം കുറഞ്ഞിരുന്നതാണ്. ചക്ക സീസണ് ആരംഭിച്ചതോടെയാണ് അവ വീണ്ടുമെത്തുന്നത്. വേനല്‍ക്കാലത്ത് പ്ലാന്റേഷനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞതും ആനകള്‍ കൂടുതലായി പുറത്തിറങ്ങാന്‍ കാരണമായി.