
കുടിവെള്ളത്തിനായി വഞ്ചിയിൽ പോകുന്ന ഞാറക്കൽ വലിയവട്ടം പ്രദേശവാസി. ഫോട്ടോ : രതീഷ് ഭാസ്കർ
കൊച്ചി: വേനൽ കടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെളള ക്ഷാമം രൂക്ഷമായി. ഗ്രാമ- നഗര ഭേദമന്യേ ഇത് സംബന്ധിച്ച പരാതികളുയർന്ന് തുടങ്ങി. പതിറ്റാണ്ടുകളായി പ്രശ്നം നേരിടുന്ന പ്രദേശങ്ങളിൽ നിന്ന് തന്നെയാണ് വീണ്ടും പരാതികളുയരുന്നത്. കുടിവെളളക്ഷാമം പരിഹരിക്കുന്നതിനാരംഭിച്ച പദ്ധതികളൊന്നും പ്രയോജനം ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
തൊണ്ട നനക്കാൻ വഴിയില്ലാതെ പശ്ചിമ കൊച്ചി
ജനങ്ങൾ തിങ്ങി വസിക്കുന്ന പടിഞ്ഞാറൻ കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിരവധി പദ്ധതികളുണ്ടെങ്കിലും പരിഹാരമില്ല. പദ്ധതി പ്രകാരം ആലുവ, പാഴൂർ ഭാഗങ്ങളിൽ നിന്ന് പൈപ്പുകളിൽ എത്തുന്ന ജലം പടിഞ്ഞാറൻ തീരത്ത് ഒഴുകിയെത്തുമ്പോഴേക്കും ശക്തി കുറയുന്ന സാഹചര്യമാണ്. കഴിഞ്ഞ ഒരു മാസമായി പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലകളിൽ തൊണ്ട നനക്കാൻ പോലും കുടിനീരില്ല. ഫോർട്ട്കൊച്ചി തുരുത്തി മേഖലയിലും ക്ഷാമം രൂക്ഷമാണ്. കിട്ടുന്ന വെള്ളത്തിനാകട്ടെ പലപ്പോഴും ദുർഗന്ധവുമാണ്.

ഏലൂക്കര പമ്പിങ് സ്റ്റേഷനിൽ നിന്ന് മുപ്പത്തടം ജല ശുദ്ധീകരണ ശാലയിലേക്കുള്ള പഴയ എ.സി പൈപ്പുകൾമാറ്റി സ്ഥാപിക്കുന്നു
തീരമേഖല വലയുന്നു
ഞാറക്കൽ പഞ്ചായത്തിലെ വലിയവട്ടം ദ്വീപ്, താലൂക്ക് ആശുപത്രി കിഴക്കുവശം, വാലക്കടവ്, ഓലിയത്ത് ലൈന്‍, മഞ്ഞനക്കാട്, കയര്‍ സൊസൈറ്റി, പെരുമ്പിള്ളി എന്നിവിടങ്ങളിൽ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമാണ്. പൊതുടാപ്പിലൂടെയും, ഗാര്‍ഹിക കണക്ഷനുകളിലൂടെയും കുടിവെള്ളം കിട്ടിയിട്ട് മാസങ്ങളായി. ഭൂരിഭാഗം പേരും പൊതുടാപ്പുകളെ ആശ്രയിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഹഡ്കോ, ചൊവ്വര പദ്ധതികളില്‍നിന്ന് വെള്ളം വിതരണം ചെയ്യുന്നത്. ഇതില്‍തന്നെ മിക്ക ദിവസങ്ങളിലും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് വിതരണം മുടക്കുകയാണ്.
കീഴ്മാട് കുടിവെളളം കിട്ടാക്കനി
കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി കോതേരിപ്പറമ്പ് ഭാഗത്ത് ഒരാഴ്ചയിലേറെയായി കുടിവെള്ളം ലഭിക്കുന്നില്ല. പൈപ്പ് വഴിയുള്ള വെള്ളമാണ് പ്രദേശത്തെ പ്രധാന ആശ്രയം. നെല്ലിപ്പറമ്പ് കലുങ്കിനടുത്ത് പൈപ്പ് മാറ്റുന്നതാണ് കാരണം. കടുങ്ങല്ലൂർ പഞ്ചായത്തിലും രണ്ടാഴ്ചയായി ശുദ്ധജല വിതരണം തടസ്സപ്പെട്ട നിലയിലാണ്. ഏലൂക്കര പമ്പിങ് സ്റ്റേഷനിൽ നിന്ന് മുപ്പത്തടം ജല ശുദ്ധീകരണ ശാലയിലേക്കുള്ള പഴയ എ.സി പൈപ്പുകൾ മാറ്റുന്നതാണ് പ്രശ്നം. എടയാർ മേഖല, എരമത്തെ ഉയർന്ന പ്രദേശങ്ങൾ, കാരോത്ത് കുന്ന്, പടിഞ്ഞാറെ കടുങ്ങല്ലൂർ, കണിയാംകുന്ന്, കടേപ്പിള്ളി, മുപ്പത്തടം ആലുങ്കൽ എന്നിവിടങ്ങളിലും പ്രതിസന്ധിയുണ്ട്.
അങ്കമാലി ടൗണിലും കുടിവെള്ളമില്ല
അങ്കമാലി ചെമ്പന്നൂർ റോഡിൽ ചരക്കുലോറി കയറി ജലവിതരണ പൈപ്പ് പൊട്ടിയതിനാൽ ഒരാഴ്ചയോളമായി ടൗണിലെ പല ഭാഗങ്ങളിലും കുടിവെള്ളമില്ല. ടൗണിലും, റെയിൽവെ സ്റ്റേഷൻ, നഗരസഭ ബസ് സ്റ്റാൻഡ് പരിസരങ്ങൾ, ബസിലിക്ക പരിസരം, മണിയംകുളം കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രശ്നം രൂക്ഷം. അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല.
എന്തു ചെയ്യുമെന്നറിയാതെ തൃക്കാക്കരക്കാർ
തൃക്കാക്കരയിലെ തുതിയൂർ, നിലംപതിഞ്ഞിമുകൾ, തെങ്ങോട്, മനക്കക്കടവ്, ചിറ്റേത്തുകര, കുഴിക്കാട്ടുമൂല പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ളം എത്തിക്കുന്ന പൈപ്പുകൾക്ക് പതിറ്റാണ്ടുകൾ പഴക്കമുളളതിനാൽ മർദ്ദം കൂട്ടി പമ്പ് ചെയ്യാൻ പറ്റില്ല. ഉയർന്ന പ്രദേശങ്ങളായതിനാൽ മർദ്ദം കുറഞ്ഞാൽ വെള്ളം എത്തില്ല. പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് പത്തുവർഷം മുമ്പ് പദ്ധതിയിട്ടതാണെങ്കിലും പ്രാവർത്തികമായിട്ടില്ല. ക്ഷാമം പരിഹരിക്കുന്നതിനുള്ള സ്വപ്ന പദ്ധതിയായ അമൃത് പദ്ധതിയും പ്രഖ്യാപനത്തിൽ ഒതുങ്ങി.
വകുപ്പുകളുടെ പോരിൽ വലഞ്ഞ് ജനം
പെരുമ്പാവൂര്‍ നഗരസഭ പരിധിയിലും വെങ്ങോല പഞ്ചായത്തിലും കുടിവെളള വിതരണം പ്രതിസന്ധിയിലാണ്. പൈപ്പുകള്‍ കാലപ്പഴക്കം ചെന്നതാണ് കാരണം. നഗരത്തില്‍ പൈപ്പ് പൊട്ടല്‍ വ്യാപകമാണ്. കാഞ്ഞിരക്കാട് പമ്പ് ഹൗസില്‍ നിന്ന് വെങ്ങോല പഞ്ചായത്തിലേക്ക് കുടിവെളളം എത്തിക്കണമെങ്കില്‍ പാലക്കാട്ടുതാഴം പാലത്തിന് സമീപം മുതല്‍ പോഞ്ഞാശ്ശേരി വരെ എ.എം റോഡിന്റെ വശം വെട്ടിപ്പൊളിക്കണം. എന്നാല്‍, പൊതുമരാമത്ത് വിഭാഗവും ജല അതോറിറ്റിയും തമ്മിലുള്ള തര്‍ക്കം മൂലം ഇത് നടപ്പായിട്ടില്ല.
നെല്ലിക്കുഴിയിൽ കുടിവെള്ളം വല്ലപ്പോഴും
നെല്ലിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ പട്ടികജാതിക്കാരടക്കമുളള നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ രണ്ട് കുടിവെളള പദ്ധതികൾ നിലച്ചതോടെ പൈപ്പിലൂടെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജലവിതരണം നടക്കുന്നത്. മൂന്നാം വാർഡിലെ അച്ഛൻപ്പടി സ്വാശ്രയ കുടിവെള്ള പദ്ധതിയും 25 ലക്ഷം മുടക്കി നടപ്പാക്കിയ കുര്യാപ്പാറമേളം കുടിവെള്ള പദ്ധതിയുമാണ് നാളുകളായി നിലച്ചത്.
മൂവാറ്റുപുഴയിലും പ്രതിസന്ധി
മൂവാറ്റുപുഴ നഗരസഭ പരിധിയിലും പായിപ്ര, ആവോലി, ആയവന പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. കുടിവെളളത്തിനായി പായിപ്ര പഞ്ചായത്തിലടക്കം ജനപ്രതിനിധികൾ സമര രംഗത്തിറങ്ങിയിരുന്നു.
പരിഹാരത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. ഉയർന്ന പ്രദേശങ്ങളിലും കോളനികളടക്കമുളള ജനവാസ മേഖലകളിലുമാണ് പ്രശ്നം കൂടുതൽ.