
ആലുവ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക്
ആലുവ: നാറ്റ് സംവിധാനത്തിനായി ആലുവ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് അധികൃതരുടെ കാത്തിരിപ്പ് നീളുന്നു. സംവിധാനം ഒരുക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമായില്ല. ജില്ല ആശുപത്രിയിലെ ഹീമോഫിലിയ സെന്ററിൽ 102 തലാസീമിയ രോഗികൾ എൻറോൾ ചെയ്തിട്ടുണ്ട്. ഇതിൽ 20 പേർക്ക് മാസത്തിൽ രണ്ടുപ്രാവശ്യം രക്തം സന്നിവേശിക്കേണ്ടിവരുന്നുണ്ട്.
സൗജന്യമായി പകരം നൽകാതെ ശ്വേത രക്താണുക്കളെ അരിച്ച് രക്തം നൽകുന്നതിനാൽ ജില്ല ആശുപത്രിയുടെ രക്ത ബാങ്കിൽ നിന്നാണ് 2015 മുതൽ ഇതിനായി രക്തം ഇടുന്നത്. ഇതിനുവേണ്ടി നിയമാനുസൃതം ചെയ്യേണ്ട എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ പരിശോധന എൈലസ രീതിയിൽ തന്നെയാണ് ചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും ഇതിനകം തന്നെ അണുബാധ വളരെനേരത്തെ കണ്ടുപിടിക്കാവുന്ന നാറ്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ആലുവ ബ്ലഡ് ബാങ്കിൽ ഈ സംവിധാനം ഇല്ലാത്തതിനാൽ ഹീമോഫീലിയ സെന്ററിലെ ഒരു തലസീമിയ രോഗിക്ക് 2023ൽ ഹെപ്പറ്റൈറ്റീസ് ബി ബാധിച്ചിരുന്നു.
രക്തം കയറ്റിയതിൽ നിന്നാണ് രോഗബാധയുണ്ടായത്. ഈ സാഹചര്യത്തിൽ രോഗികളുടെ സംഘടനയുടെ അഭ്യർഥനപ്രകാരം ഡിസംബർ രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് മൂന്നുമാസത്തിനകം സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനായി മുന്ന് കോടി നീക്കി വക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, സാമ്പത്തിക ഞെരുക്കം കാരണം ഇത് നടപ്പിലാക്കാനായില്ല.
സർക്കാറിന് സാമ്പത്തിക ബാധ്യതയില്ലാതെ ബ്ലഡ് ബാങ്കിൽ നാറ്റ് സംവിധാനം ഒരുക്കാൻ ബ്ലഡ് ബാങ്ക് മാനേജ്മന്റ് കമ്മിറ്റി തയ്യാറാണ്. ഇതിനുള്ള പണം സ്പോൺസർമാർ മുഖേന കണ്ടെത്താൻ കഴിയും. എന്നാൽ, പദ്ധതി നടപ്പിലാക്കാൻ സർക്കാറിന്റെ ഭരണാനുമതി ആവശ്യമാണ്.
ഇതിനായി നിവേദനം നൽകിയിട്ടുണ്ട്. ബ്ലഡ് ബാങ്കിൽ വൈറസ് പരിശോധനക്കുള്ള നാറ്റ് ടെസ്റ്റ് സൗകര്യമൊരുക്കുകയോ സ്വന്തം നിലയിൽ അത് നടപ്പിലാക്കാൻ അനുവാദം നൽകുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്ന് ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് ഡോ. വിജയകുമാർ പറഞ്ഞു.