
എറണാകുളം ബ്രോഡ്വേയിലെ ക്രിസ്മസ് വിപണിയിലെ തിരക്ക്
കൊച്ചി: നാടും നഗരവും തിരുപ്പിറവി ആഘോഷത്തിരക്കിൽ. യേശുക്രിസ്തുവിന്റെ തിരുപ്പിറവിയാഘോഷങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് നാടെങ്ങും സജ്ജമാക്കിയിട്ടുളളത്. ക്രിസ്മസ് ദിനം കെങ്കേമമായി തന്നെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ വിശ്വാസികള്‍ നടത്തിക്കഴിഞ്ഞു. പുല്‍ക്കൂടുകളും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളുമെല്ലാമൊരുക്കി തിരുപ്പിറവി ദിനത്തെ വരവേല്‍ക്കുകയാണ് വിശ്വാസികൾ. ഇതോടൊപ്പം വിവിധ സംസ്കാരിക സംഘടനകളും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ കൊഴുപ്പിക്കുന്നതിനുളള തിരക്കിലാണ്.
അണിഞ്ഞൊരുങ്ങി ദേവാലയങ്ങൾ
ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളെല്ലാം നക്ഷത്രശോഭയിൽ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ക്രിസ്മസിന്റെ വരവറിയിച്ച് ഡിസംബർ എത്തിയപ്പോൾ തന്നെ ദേവാലയങ്ങളിലും കുരിശടികളിലുമെല്ലാം നക്ഷത്രങ്ങൾ നിരന്ന് കഴിഞ്ഞിരുന്നു. നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വർണാഭമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിവിധ സഭകളുടെ കീഴിലുളള ദേവാലങ്ങളിലെല്ലാം തന്നെ ക്രിസ്മസ് രാത്രിയിൽ പ്രത്യേക കുർബാനകളും പ്രാർഥനകളുമെല്ലാം നടന്നു.
ഇതോടനുബന്ധിച്ച് സുവിശേഷ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സഭ മേലധ്യക്ഷന്മാരെല്ലാവരും തന്നെ ക്രിസ്മസ് സന്ദേശം നൽകുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.
രാവിനെ പകലാക്കി കരോൾ സംഘങ്ങൾ
ആഘോഷങ്ങളിൽ ഏറ്റവും ജനപ്രിയമായത് കരോൾ സംഘങ്ങളായിരുന്നു. ഇടവക തലത്തിലും കുടുംബ യൂനിറ്റ് തലത്തിലുമെല്ലാം നാടൊട്ടുക്കും കരോൾ സംഘങ്ങൾ സജീവമായിരുന്നു. ഇതോടൊപ്പം വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിലും പ്രാദേശികമായി ക്ലബുകളുടെയും വായനശാലകളുടെയും നേതൃത്വത്തിലും കരോൾ സംഘങ്ങൾ നിരത്ത് വാണു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ സഭകളും ഇടവകകളുമെല്ലാം കേന്ദ്രീകരിച്ച് കരോൾഗാന മത്സരമടക്കമുളള വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
തിരക്കിൽ വീർപ്പുമുട്ടി റോഡുകൾ
ആഘോഷ പരിപാടികൾ കൊഴുപ്പിക്കാൻ ജനം റോഡിലിറങ്ങിയതോടെ ഗ്രാമ- നഗര വ്യത്യാസമില്ലാതെ റോഡുകളിൽ തിരക്കും കുരുക്കും അനുഭവപ്പെട്ടു. ക്രിസ്മസ് അവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളടച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ തിരക്ക് ക്രിസ്മസ് തലേന്നും തുടരുകയായിരുന്നു.
ഇതോടൊപ്പം വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളിലുമായിരുന്നു തിരക്കേറെയും. ഇതിനിടയിൽ റോഡുകളുടെ ശോച്യാവസ്ഥയും നവീകരണ പ്രവൃത്തികളും കൂടി ആയപ്പോൾ നഗരത്തിലുൾപ്പടെ പലമേഖലകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകൾ പിന്നിട്ടാണ് വാഹനങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തിയത്.