കൊച്ചി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ (വി.എഫ്.എ) സ്ഥലംമാറ്റം ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സംവിധാനം (എച്ച്.ആർ.എം.എസ്) വഴി മാത്രമേ നടപ്പാക്കാവൂ എന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി) ഉത്തരവ് ലംഘിച്ച് ജില്ലയിലും കൂട്ട സ്ഥലംമാറ്റം. കൊച്ചി താലൂക്കിൽ നാലും പറവൂർ താലൂക്കിൽ എട്ടും വി.എഫ്.എമാരെ സ്ഥലംമാറ്റിയാണ് ബന്ധപ്പെട്ട തഹസിൽദാർമാർ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞദിവസം ഒറ്റപ്പാലം താലൂക്കിൽ വിവിധ വില്ലേജുകളിലെ 25ഓളം വി.എഫ്.എമാരെ ഇത്തരത്തിൽ സ്ഥലം മാറ്റിയിരുന്നു. എച്ച്.ആർ.എം.എസ് മുഖേന വി.എഫ്.എമാരുടെ സ്ഥലംമാറ്റം 2025 മേയ് 31നകം പൂർത്തിയാക്കണമെന്നും അതുവരെ കൂട്ടസ്ഥലം മാറ്റം പാടില്ലെന്നും നിർദേശിച്ച് ഇക്കഴിഞ്ഞ നവംബർ 11നാണ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട സ്ഥലംമാറ്റം അടിയന്തിരസാഹചര്യത്തിൽ മാത്രമേ നടത്താവൂ എന്നും ഉത്തരവിലുണ്ട്.
വി.എഫ്.എമാരുടെ ജില്ലാതല സ്ഥലം മാറ്റം ഇക്കാലമത്രയും മാന്വലായാണ് നടന്നിരുന്നത്. ഇത്മൂലം, ദീർഘകാലം മറ്റ് ജില്ലകളിൽ ജോലി ചെയ്ത വി.എഫ്.എമാർക്ക് പോലും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം ലഭിച്ചിരുന്നില്ല. എച്ച്.ആർ.എം.എസ് വഴിയാകുമ്പോൾ മുൻഗണനാക്രമവും അർഹതയും പരിഗണിക്കപ്പെടുകയും താൽപര്യമുള്ള സ്ഥലം തെരഞ്ഞെടുക്കുകയും ചെയ്യാം.
ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ് കഴിഞ്ഞദിവസം പറവൂർ, കൊച്ചി തഹസിൽദാർമാർ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണപരമായ സൗകര്യാർത്ഥവും ഒരു കാര്യാലയത്തിൽ മൂന്ന് വർഷം തികഞ്ഞ വി.എഫ്.എമാരെ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായും സ്ഥലംമാറ്റുന്നു എന്നാണ് പറവൂർ തഹസിൽദാരുടെ ഉത്തരവിൽ പറയുന്നത്.
ട്രൈബ്യൂണൽ ഉത്തരവിന് വിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കാൻ തഹിസിൽദാർമാർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള റവന്യു വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷൻ (കെ.ആർ.വി.എസ്.ഒ) കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിലെ സ്ഥലംമാറ്റം എച്ച്.ആർ.എം.എസ് വരുമ്പോൾ ഇവരുടെ സീനിയോറിറ്റി നഷ്ടപ്പെടാൻ കാരണമാകുമെന്ന് കെ.ആർ.വി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് എസ്. രമേഷ്കുമാറും ജനറൽ സെക്രട്ടറി എൻ.കെ. പ്രവീൺകുമാറും പറഞ്ഞു.
+ There are no comments
Add yours