തൃപ്പൂണിത്തുറ: ബെവ്കോ വിൽപന ശാലകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന ലോഡുകൾക്ക് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി.
തൃപ്പൂണിത്തുറ പേട്ട ജങ്ഷനിലെ ബിവറേജസ് കോർപറേഷൻ വെയർഹൗസിൽ ഡ്യൂട്ടി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥർ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിലേക്ക് വെയർഹൗസിൽ നിന്ന് പോകുന്ന ഓരോ ലോഡിനും മദ്യക്കുപ്പികൾ കൈക്കൂലിയായി വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലാണ് വിജിലൻസ് യൂനിറ്റ് മിന്നൽ പരിശോധന നടത്തിയത്.
ലോഡുകൾ പരിശോധിച്ച് റിലീസിങ് ഓർഡർ നൽകുന്നതിന് ഇവർ മദ്യം കൈക്കൂലിയായി വാങ്ങുകയായിരുന്നു പതിവ്. ബുധനാഴ്ച നടത്തിയ പരിശോധനയിൽ നാലു ലിറ്റർ മദ്യം സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവന്റിവ് ഓഫിസർ സാബു കുര്യാക്കോസ് എന്നിവരിൽ നിന്നും പിടിച്ചെടുത്തു.
ബാറുകളിലേക്ക് പോകുന്ന ലോഡുകൾക്ക് പണം വാങ്ങുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസ് ടോൾഫ്രീ നമ്പരായ 1064 എന്നതിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.
+ There are no comments
Add yours