കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ദേവൻ എന്നയാളാണ് പിടിയിലായത്. ഭക്ഷണത്തിന്റെ പണം ചോദിച്ചപ്പോഴാണ് ഇയാൾ വടിവാളുയർത്തി ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത്. കാപ്പ കേസിലുൾപ്പെടെ പ്രതിയാണ് ദേവൻ.
ഞായറാഴ്ച രാത്രി ഒമ്പതു മണിക്കാണ് സംഭവം. ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ദേവനും സുഹൃത്തും ബിരിയാണി ഓർഡർ ചെയ്തു. ഇടക്കിടെ അവർ ഇതേ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്താറുണ്ട്. ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചപ്പോഴാണ് ദേവൻ രോഷാകുലനായത്. ഹോട്ടലുടമയോട് കയർത്ത ദേവൻ എളിയിൽ നിന്ന് വടിവാളൂരി വീശുകയായിരുന്നു.
ഇതെല്ലാം ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. പ്രതി ലഹരിയിലാണെന്ന് സംശയച്ചതിനാൽ കടയുടമ കൂടുതൽ പ്രതികരിക്കാൻ ശ്രമിക്കാതെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ചയായതിനാൽ കടയിൽ നല്ല തിരക്കുമായിരുന്നു. പ്രതി ഭീതിദ അന്തരീക്ഷം സൃഷ്ടിച്ചതിനാൽ ഒന്നരമണിക്കൂറോളം കടയുടെ പ്രവർത്തനം തടസ്സപ്പെട്ടുവെന്നും കടയുടമ പറഞ്ഞു. ഇയാൾ കടയിൽ നിന്നുപോയി 10 മിനിറ്റുള്ളിൽ കടവന്ത്ര പൊലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.