പറവൂർ: പെരിയാറിൽനിന്ന് ചാലക്കുടി പുഴയിലേക്ക് ഉപ്പ് വെള്ളം കയറി കൃഷിനാശവും കുടിവെള്ള വിതരണവും മുടങ്ങാതിരിക്കാനായി താൽക്കാലികമായി നിർമിക്കുന്ന മണൽ ബണ്ടിന്റെ നിർമാണം വൈകുന്നു.
പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിക്കുന്ന ബണ്ടിന്റെ നിർമാണം വൈകുന്നതിൽ കർഷകർക്ക് ആശങ്കയുണ്ട്.
നിർമാണ ചുമതല ഇറിഗേഷൻ വകുപ്പിനാണ്. ഈ വർഷം ബണ്ട് നിർമാണത്തിന് 24.37 ലക്ഷവും സിവിൽ പ്രവൃത്തികൾക്ക് 6.42 ലക്ഷവും ഒരു മാസം മുമ്പ് അനുവദിച്ചിട്ടുണ്ട്. വേനൽ ശക്തമാകുന്നതോടെ ഉപ്പ് വെള്ളം കയറിയുള്ള പ്രതിസന്ധി ഒഴിവാക്കാണ് ഇത്തവണ നേരത്തെ തുക അനുവദിച്ചത്. എന്നാൽ, ബണ്ട് നിർമിക്കേണ്ട ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ വിഭാഗം നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.
ഇറിഗേഷൻ വകുപ്പിന്റെ ഡ്രഡ്ജർ ഇനിയും ഇളന്തിക്കരയിൽ എത്തിയിട്ടില്ല. മഴ മാറിയതോടെ ഏത് സമയത്തും ഉപ്പുവെള്ളം ചാലക്കുടി പുഴയിലേക്ക് കയറാമെന്ന സ്ഥിതിയിലാണ്. ഇതാണ് കർഷകരുടെ ആശങ്കക്ക് കാരണം. ഓരുവെള്ളം കയറിയാൽ പുത്തൻവേലിക്കര പഞ്ചായത്തിലെ 17 വാർഡുകളിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. കാർഷിക മേഖലയായ പുത്തൻവേലിക്കരയിൽ വൻകൃഷിനാശത്തിനും ഇടയാക്കും. മറ്റ് അഞ്ച് പഞ്ചായത്തുകളിലെ നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയും നശിക്കും. കഴിഞ്ഞ വർഷം നവംബർ 20ന് ഡ്രഡ്ജർ എത്തി ഡിസംബർ ഒന്നിന് ബണ്ട് നിർമാണം ആരംഭിച്ചിരുന്നു. ജനുവരി മൂന്നിന് പൂർത്തീകരിച്ചു. ബണ്ട് നിർമാണത്തിന് ഒന്നര മാസത്തോളം വേണ്ടി വരും. നേരത്തെ ആരംഭിക്കണമെന്ന് എല്ലാ വർഷവും കർഷകർ മുറവിളി കൂട്ടാറുണ്ട്. ഇത്തവന്ന നേരത്തെ ഫണ്ട് അനുവദിച്ചിട്ടിട്ടും ജലസേചന വകുപ്പിന് അനക്കമില്ല.