പള്ളിക്കര: കിഴക്കമ്പലം നെല്ലാട് റോഡിൽ തട്ടാമുകളിൽ പള്ളിക്ക് സമീപത്തെ കുഴി അപകടഭീഷണിയാവുന്നു. ദിനംപ്രതി ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുഭാഗം കട്ടവിരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടത്. രാത്രി പലപ്പോഴും വലിയ വാഹനങ്ങൾ വരെ അപകടത്തിൽ പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ പല ഭാഗത്തും ഇത്തരത്തിൽ കുഴികളുണ്ട്.
മഴയുടെ പേര് പറഞ്ഞ് കരാറുകാരൻ റോഡ് നിർമാണം നീട്ടുകയാണ്. കിഴക്കമ്പലം മുതൽ നെല്ലാട് വരെയുള്ള 14.4 കിലോമീറ്റർ പ്രദേശത്താണ് അറ്റകുറ്റപണി നടത്തേണ്ടത്. അതിനായി കിഫ്ബി വഴി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
15 കൊല്ലമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് നിർമാണം പല കാരണം കൊണ്ട് നീളുകയാണ്. പൊളിഞ്ഞുകിടക്കുന്ന റോഡിൽ യാത്ര ദുരിതമാവുകയാണ്. റോഡിന്റെ ഒരറ്റത്ത് നിന്ന് നിർമാണം ആരംഭിച്ച് മറ്റേ അറ്റമാവുമ്പേഴേക്കും ആദ്യഭാഗം പൊട്ടി പൊളിയുന്ന അവസ്ഥയാണ്. ഇതിനകം അറ്റകുറ്റപണികൾക്കായി റോഡിന് അനുവദിച്ചിരിക്കുന്നത് 50 കോടിയാണ്.