പറവൂർ: കെ.എസ്.ഇ.ബി മന്നം 66 കെ.വി സബ് സ്റ്റേഷനോടനുബന്ധിച്ചുള്ള വാഹന ചാർജിങ് കേന്ദ്രം പ്രവർത്തനരഹിതമായിട്ട് രണ്ടു മാസം. അപകടത്തെത്തുടർന്ന് താൽക്കാലികമായി അടച്ച സ്റ്റേഷൻ പിന്നീട് തുറന്നിട്ടില്ല. ഒരേ സമയം നാല് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് കേന്ദ്രം തുറക്കാതിരിക്കാൻ കാരണമെന്ന് പരാതി ഉയരുന്നുണ്ട്. സെപ്റ്റംബർ 23ന് ഇവിടെ വൈദ്യുതി കാർ ചാർജ് ചെയ്യുന്നതിനിടെ മുൻ നഗരസഭ കൗൺസിലർ കെ.എൽ. സ്വപ്നക്ക് മെഷീനിൽ നിന്ന് ഷോക്കേറ്റിരുന്നു. തെറിച്ചുവീണ സ്വപ്നക്ക് ശ്വാസ തടസ്സവും തലകറക്കവുമുണ്ടായി. കൈക്കും കാലിനും പൊള്ളലേറ്റ സ്വപ്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കാറിൽ 59 ശതമാനം ചാർജ് കയറിയ ശേഷം മെഷീൻ പ്രവർത്തനരഹിതമായപ്പോൾ കാറിന്റെ കണക്ടറിൽ നിന്നും പ്ലഗ് വിച്ഛേദിച്ച് മെഷീനിലേക്ക് തിരികെ വെച്ചപ്പോഴാണ് ഷോക്കേറ്റത്. അപകടം നടന്നയുടൻ ചാർജിങ് സ്റ്റേഷൻ അടച്ചു. സ്ഥാപിച്ച ശേഷം ആദ്യമാണ് ഇവിടെ അപകടമുണ്ടായത്. ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ച കമ്പനി ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥരും എത്തി വിശദമായ പരിശോധന നടത്തി. സ്വപ്നയുടെ പരാതിയിൽ പൊലീസും അന്വേഷണം നടത്തിയിരുന്നു. പക്ഷേ, രണ്ടു മാസമായിട്ടും സ്റ്റേഷൻ തുറക്കാൻ നടപടിയായിട്ടില്ല. പറവൂർ മേഖലയിലെ ഏക ചാർജിങ് സ്റ്റേഷനാണിത്. ഇതു കാരണം ഇലക്ട്രിക് വാഹന ഉടമകൾ പ്രയാസത്തിലാണ്.