കൊച്ചി: പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറിൽനിന്ന് ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം കിട്ടുമെന്ന് മോഹിപ്പിച്ച് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. പാലക്കാട് നാട്ടുകൽ കലംപറമ്പിൽ അബ്ദുൽ മുനീർ (32), ബന്ധു പാലക്കാട് മണ്ണാർക്കാട് കൊട്ടിയോട് മുസ്തഫ (51) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനെ രാജ്യത്തെ പ്രമുഖ ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ ഉദ്യോഗസ്ഥരെന്ന് വാട്സ്ആപ്പിലൂടെ പരിചയപ്പെടുത്തിയ പ്രതികൾ ട്രേഡിങ്ങിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. 2024 ആഗസ്റ്റിൽ പരാതിക്കാരനുമായി വാട്സ്ആപ് ചാറ്റിലൂടെ പ്രതികൾ ബന്ധപ്പെട്ടു. സെപ്റ്റംബർ വരെയുള്ള ഒരുമാസത്തെ കാലയളവിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി പണം തട്ടിയെടുത്തശേഷം പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കയച്ചാണ് തട്ടിപ്പ് നടത്തിയത്.
കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക നിർദേശ പ്രകാരം ഓൺലൈൻ തട്ടിപ്പ് കേസുകളിലുൾപ്പെടെ കേരളത്തിലുള്ള ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമീഷണർ പി. രാജ്കുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. ഫിറോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഹരിശങ്കർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, പ്രശാന്ത്, അനീഷ് എന്നിവർ ചേർന്നാണ് പാലക്കാട് പൊലീസിന്റെ സഹായേത്താടെ പ്രതികളെ മണ്ണാർക്കാട്ടുനിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.