കൊച്ചി: അമേരിക്കൻ മലയാളിയുടെ ഏറെക്കാലമായി അടഞ്ഞ് കിടന്ന വീട്ടിൽ 5000 രൂപയുടെ വൈദ്യുതി ബിൽ വന്നത് കണ്ട് വീട്ടുടമ ഞെട്ടി. ഉടമ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതാകട്ടെ വീടിനുള്ളിലെ അനധികൃത താമസക്കാരെയും.
അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്ന അജിത് കെ. വാസുദേവന്റെ കടവന്ത്ര ജനതാ റോഡിലെ ഇരുനില വീടാണ് ചിലർ കൈയേറിയത്.
വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ താമസിക്കുന്ന വീട് പൂട്ടിയിടുകയാണ് പതിവ്. 2023 മേയിലും നാട്ടിലെത്തി മടങ്ങിയതാണ്. കഴിഞ്ഞമാസം 5000 രൂപയുടെ വൈദ്യുത ബിൽ ലഭിച്ചിരുന്നു. അധിക തുകയാണെന്ന് പരാതിപ്പെട്ടതോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മീറ്റർ പരിശോധിക്കാൻ എത്തിയെങ്കിലും ഗേറ്റിനകത്ത് കടക്കാൻ ചിലർ അനുവദിച്ചില്ലത്രേ. വീടിന്റെ താക്കോൽ സൂക്ഷിക്കുന്ന സുഹൃത്തുക്കൾ എത്തിയെങ്കിലും തടഞ്ഞു. മതിലും ഗേറ്റുമുള്ള വീട്ടിൽ അറ്റകുറ്റപ്പണി നടത്തുകയും പെയിന്റടിക്കുകയും ചെയ്തതായി മനസ്സിലായി. തുടർന്നാണ് ഇ -മെയിലിലൂടെ പരാതിപ്പെട്ടത്.
കടവന്ത്രയിലെ വീട് കൈയേറി താമസിച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ-മെയിൽ വഴി സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമീഷണർക്കും നൽകിയ പരാതിയിൽ വീട്ടുടമ അജിത്തിന്റെ മൊഴി മരട് പൊലീസ് രേഖപ്പെടുത്തി. വീട്ടിൽ താമസിക്കുന്നയാളെ വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.