പെരുമ്പാവൂര്‍: പൊലീസുകാരില്ലാതെ നട്ടംതിരിഞ്ഞ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ആറ് സി.പി.ഒമാരെ നിയമിച്ചു. ‘ആവശ്യത്തിന് പൊലീസ് ഇല്ല; പെരുമ്പാവൂരിലെ ക്രമസമാധാനപാലനം പ്രതിസന്ധിയില്‍’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ജില്ല പൊലീസ് മേധാവി ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. റൂറല്‍ ജില്ലയില്‍ ക്യാമ്പില്‍ നിന്ന് 10 പേരെ നിയമിച്ചതില്‍ ആറുപേരും പെരുമ്പാവൂരിലാണ്. നാലുപേരെ ആലുവ വെസ്റ്റ് സ്റ്റേഷനില്‍ നിയമിച്ചു. 65 പൊലീസുകാര്‍ വേണ്ട റൂറല്‍ ജില്ലയിലെ ഏറ്റവും തിരക്കുളള സ്റ്റേഷനില്‍ 49 പൊലീസുകാരാണ് ഉണ്ടായിരുന്നത്.
ഇപ്പോൾ വരുന്നവർ ഉള്‍പ്പടെ 55 പേരായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റേഷനില്‍ എത്തിയ പരാതികള്‍ പൂര്‍ണമായി കൈകാര്യം ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു. നിലവില്‍ വനിത ഉദ്യോഗസ്ഥ ഇല്ലാത്തത് പ്രതിസന്ധിയാണ്. അന്തര്‍ സംസ്ഥാനക്കാരായ സ്ത്രീകളുടെ ഉള്‍പ്പടെയുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ വനിത എസ്.ഐ ഇല്ലാത്തത് തിരിച്ചടിയാണ്. സീനിയര്‍ സി.പി.ഒ ഇല്ലാത്തതു മൂലം കേസ് തയ്യാറാക്കല്‍ മന്ദഗതിയിലാണ്. സ്റ്റേഷന് ഹൗസ് ഓഫീസറുടെ നിയമനവും ആയിട്ടില്ല. നിലവില്‍ കോടനാട് സി.ഐക്കാണ് ചാര്‍ജ്. വരുംദിവസങ്ങള്‍ ഓണത്തിരക്കിലേക്ക് പോകുമ്പോള്‍ പ്രധാന ഉദ്യോഗസ്ഥന് ഇല്ലാത്തത് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. സി.ഐ നിയമനം ഡി.ജി.പിയാണ് നടത്തേണ്ടത്. അതുകൊണ്ട്, ഇക്കാര്യം എന്ന് പരിഹരിക്കപ്പെടുമെന്നുള്ള ആശങ്ക പൊലീസുകാര്‍ക്കുണ്ട്. എത്രയും വേഗം സ്റ്റേഷന് ഹൗസ് ഓഫീസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.