കോതമംഗലം: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളും പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളും താമസിക്കുന്ന കുട്ടമ്പുഴയിൽ സർക്കാർ കോളജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒമ്പത് വർഷം മുൻപ് നിർദേശിക്കപ്പെട്ട നിർദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് ആൻഡ് സയൻസ് കോളജിന് ഇതു വരെ സർക്കാർ ഭരണാനുമതി നൽകിയിട്ടില്ല.
കോളജ് അനുവദിക്കാൻ 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ അന്വേഷണ കമീഷനെ നിയമിക്കുകയും കമീഷൻ കുട്ടമ്പുഴയിൽ എത്തി കോളജിനായി നാട്ടുകാർ ചൂണ്ടികാട്ടിയ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. അന്നത്തെ എം.എൽ.എ. ടി.യു. കുരുവിളയും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന് രേഖാമൂലം ഉറപ്പും നൽകി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമീഷൻ വിശദമായ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദിവാസികൾ അടക്കമുള്ളവർ വീണ്ടും നിവേദനങ്ങൾ നൽകുകയും ആൻറണി ജോൺ എം.എൽ.എ ഇത് സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ചെയ്തു. 2017ൽ സർക്കാർ വീണ്ടും ഒരു അന്വേഷണ കമീഷനെ നിയോഗിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചു.
നടപടി ഇല്ലാത്ത സാഹചര്യത്തിൽ ആദിവാസി മൂപ്പന്മാർ സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ പരാതി നൽകി. കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി സിറിയക്ക് കുട്ടമ്പുഴയിൽ എത്തി സൗകര്യങ്ങൾ മനസിലാക്കി കോളജ് അനുവദിക്കണമെന്ന് ഉത്തരവിട്ടു. തുടർന്ന് സർക്കാർ വീണ്ടും ഒരു അന്വേഷണ കമീഷനെ നിയോഗിച്ചു. മൂന്നാമത് കമീഷനും അടിയന്തരമായി കോളജ് അനുവദിക്കണമെന്ന് റിപ്പോർട്ട് നൽകി.
കൂടാതെ നിയമസഭ പെറ്റീഷൻ കമ്മിറ്റിയും കോളജ് അനുവദിക്കണമെന്ന് നിർദേശം നൽകി. കുട്ടമ്പുഴയിൽ കോളജ് അനുവദിക്കാതെ ഒന്നാം പിണറായി വിജയൻ സർക്കാർ വൈപ്പിൻ, പാലക്കാട് തരൂർ, കാസർഗോഡ് കരിന്തളം, ഇടുക്കി ഉടുമ്പൻചോല പൂപ്പാറ എന്നിവിടങ്ങളിൽ പുതിയ സർക്കാർ കോളജുകൾ അനുവദിച്ചു.
ഇത് സംബന്ധിച്ച് ഹൈകോടതിയിൽ രണ്ട് കേസുകളും നിലനിന്നിരുന്നു. ഹൈകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കുട്ടമ്പുഴയിൽ കോളജ് അനുവദിക്കുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോൾ ആദ്യം കുട്ടമ്പുഴയിൽ കോളജ് അനുവദിക്കാമെന്നും ഉറപ്പ് നൽകിയതോടെ കേസ് തീർപ്പാക്കി.
എന്നാൽ ഹൈകോടതി വിധികളെ മറികടന്ന് സർക്കാർ നാലു സർക്കാർ കോളജും ആറ് എയ്ഡ്സ് കോളജും 12 അൺ എയ്ഡഡ് കോളജുകളും അനുവദിക്കുകയായിരുന്നു. ഇവിടെ കോളജ് അനുവദിച്ചാൽ താലൂക്കിലെ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും കുട്ടികൾക്കും ദേവികുളം താലൂക്കിലെ അടിമാലി, മാങ്കുളം എന്നി ഗ്രാമ പഞ്ചായത്തുകളിലെയും നൂറ് കണക്കിന് ആദിവാസി കുട്ടികൾക്കും മറ്റ് പാവപ്പെട്ട കുട്ടികൾക്കും വളരെ അടുത്ത് തന്നെ ഉന്നത വിദ്യാഭ്യാസം സാധ്യമാകും.
എന്നാൽ സർക്കാരും മേഖലയിലെ എം.പി, എം.എൽ.എമാരും വിഷയത്തിൽ താൽപര്യം കാണിക്കുന്നില്ല എന്നാണ് ആരോപണം. കോതമംഗലം- പെരുമ്പാവൂർ മേഖലയിലെ സ്വകാര്യ വിദ്യാഭ്യാസ ഉടമകളുടെ സ്വാധീനത്തിൽ ജനപ്രതിനിധികൾ ഒളിച്ചു കളിക്കുകയാണെന്ന് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമ വികസന സമിതി ആരോപിച്ചു.
കോളജിന് മന്ത്രിസഭ അനുമതി നൽകാത്ത പക്ഷം അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്ന് ഗ്രാമവികസന സമിതി പ്രസിഡന്റ് ഷാജി പയ്യാനിക്കൽ, സൽമ പരീത്, എസ്. ആദർശ്, വി.ജെ. ബിജു, റോബിൻ ഫിലിപ്പ്, എൽദോസ് തട്ടേക്കാട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.