മൂവാറ്റുപുഴ: നവീകരണം നടക്കുന്ന കക്കടാശ്ശേരി-കാളിയാർ റോഡിന്റെ തുടക്കത്തിൽ കക്കടാശ്ശേരി പാലത്തിന് നടപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഡ്രെയിനേജ് ഉൾപ്പെടെ എട്ടുമീറ്റർ വീതിയിൽ നിർമാണം പൂർത്തിയാകുന്ന റോഡിന്റെ ആരംഭത്തിലുള്ള പാലത്തിന്റെ വീതി ആറു മീറ്ററിൽ താഴെയാണ്. ഈ സാഹചര്യത്തിലാണ് സമാന്തരമായി ഇരുമ്പ് നിർമിത നടപ്പാത നിർമിക്കണമെന്ന ആവശ്യം ഉയരുന്നത്. ആറര പതിറ്റാണ്ടുമുമ്പ് നിർമിച്ച പാലത്തിന് റോഡ് നവീകരണ ഭാഗമായി നടപ്പാലത്തിന് പദ്ധതി തയാറാക്കിയിരുന്നങ്കിലും അവസാനനിമിഷം ഒഴിവാക്കുകയായിരുന്നു. ഡി.പി.ആർ തയാറാക്കുന്ന സമയത്ത് ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്രോജക്ടിൽ മാറ്റം വരുത്തിയതാണ് നടപ്പാലം ഒഴിവാകാൻ കാരണമെന്നാണ് സൂചന. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ഉയർന്ന നിലവാരത്തിൽ ആകുന്നതോടെ ആറു മീറ്ററിൽ താഴെ മാത്രം വീതിയുള്ള പാലത്തിലെ ഗതാഗതം കൂടുതൽ ദുഷ്കരമാകും. കക്കടാശ്ശേരി, പുന്നമറ്റം പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് കാൽനടക്കായി സ്റ്റീലിന്റെ പാലം പണിയാൻ തീരുമാനിച്ചത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 68 കോടി ചെലവിൽ നിർമാണം ആരംഭിച്ച കക്കടാശ്ശേരി-കാളിയാർ റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 20 കിലോമീറ്ററാണ് റോഡിന്റെ നീളം. ടി.എ. മജീത് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 1958ലാണ് കക്കടാശ്ശേരി പാലം നിർമിച്ചത്.
മാറിയ സാഹചര്യത്തിൽ റോഡിന് വീതികൂടുകയും പാലത്തിന് വീതി കുറയുകയും ചെയ്തിരിക്കുകയാണ്. ഇത് വാഹനത്തിരക്ക് ഏറുമ്പോൾ കാൽനട ദുഷ്കരമാക്കും. റോഡ് നിർമാണം പൂർത്തീകരിക്കുമ്പോൾ ഹൈറേഞ്ച് മേഖലയിലേക്കുള്ള എളുപ്പവഴിയെന്ന നിലയിൽ വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാകാനാണ് സാധ്യത.
വീതി കുറവായതിനാൽ ഇരുദിശയിൽനിന്ന് വലിയ വാഹനങ്ങൾ പാലത്തിൽ മുഖാമുഖം വരുമ്പോൾ പാലത്തിന് പുറത്ത് നിർത്തിക്കൊടുക്കേണ്ട സാഹചര്യമാണുള്ളത്.