മൂവാറ്റുപുഴ: കാൽനൂറ്റാണ്ട് മുമ്പ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാതയുടെ നിർമാണം മരവിപ്പിച്ചു. 2017ലെ ബജറ്റിൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽനിന്ന് 450.33 കോടി രൂപ അനുവദിക്കുകയുംചെയ്ത സുപ്രധാന പദ്ധതിയാണ് മരവിപ്പിച്ചിരിക്കുന്നത്. കാര്യമായ ഗതാഗതം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഒഴിവാക്കുന്നത്.
മുൻ മന്ത്രി പി.ജെ. ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കഴിഞ്ഞ ജൂലൈ നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് പദ്ധതി പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്ന വിവരം പുറത്തുവന്നത്.
റോഡിന്‍റെ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടക്കുന്ന അങ്കമാലി എൽ.എ സ്പെഷൽ തഹസിൽദാറുടെയും റോഡിന്റെ ഡിസൈൻ വിഭാഗം ചീഫ് എൻജിനീയറുടെയും ഓഫിസുകൾക്ക് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളും നിർത്തി.
24 വർഷംമുമ്പ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച റോഡിന്‍റെ തുടർനടപടികൾക്ക് ജീവൻവെച്ചത് കഴിഞ്ഞ സർക്കാറിന്റെ കാലത്താണ്. കഴിഞ്ഞ സർക്കാറിന്റെ ഭരണകാലയളവിൽ ഈ റോഡിന്‍റെ താൽക്കാലിക വികസനത്തിന് സെൻട്രൽ റോഡ് ഫണ്ടിൽനിന്ന് 16 കോടി രൂപ അനുവദിച്ച് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തിരുന്നു.
നിലവിൽ വളവും തിരിവുമുള്ള കൂത്താട്ടുകുളം-മൂവാറ്റുപുഴ എം.സി റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാൻ കഴിയുന്ന പദ്ധതി ആരക്കുഴ, മാറാടി, പാലക്കുഴ, കൂത്താട്ടുകുളം മേഖലയിൽ വൻ വികസനത്തിനും വഴിവെക്കുന്നതായിരുന്നു. എം.സി റോഡ് വഴിയുള്ള യാത്രയേക്കാൾ നാലുകിലോമീറ്റർ കുറയുന്നതും വളവുകൾ ഇല്ലാതിരിക്കുന്നതും ഈ പാതയുടെ പ്രത്യേകതയാണ്.