കൊച്ചി: സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷിക ഭാഗമായുള്ള തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിൽ നിർവഹിക്കും. എറണാകുളം ടൗൺഹാളിൽ രാവിലെ 10.30 നാണ് പരിപാടി.
തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിലാണ് അദാലത്ത്. എറണാകുളം ജില്ലാതല തദ്ദേശ അദാലത്ത് (പഞ്ചായത്ത്, നഗരസഭാ തലം) വെള്ളിയാഴ്ചയും കൊച്ചി കോർപറേഷൻ തല അദാലത്ത് ശനിയാഴ്ചയും നടക്കും. രാവിലെ 8.30 മുതൽ അദാലത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. എറണാകുളം നോർത് ടൗൺഹാളിലാണ് രണ്ട് അദാലത്തുകളും.
പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികളും പുതിയ പരാതികളും അദാലത്തിൽ ഉന്നയിച്ച് പരിഹാരം കാണാം. കൂടാതെ അദാലത്തിലേക്കുള്ള അപേക്ഷ അദാലത്ത് തീയതിക്ക് അഞ്ച് ദിവസം മുൻപ് വരെയായിരുന്നു വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയം.
തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയിട്ടും സമയപരിധിക്കകം സേവനം ലഭിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫിസുകൾ എന്നിവയിൽ തീർപ്പാക്കാത്ത പരാതികളും നിവേദനങ്ങളും തുടങ്ങിയവയും അദാലത്തിൽ പരിഗണിക്കും.
ബിൽഡിംഗ് പെർമിറ്റ്, വ്യാപാര-വാണിജ്യ-വ്യവസായ ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നി൪വഹണം, സാമൂഹിക-സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/നിർദേശങ്ങൾ എന്നിവയും പരിഗണിക്കും. ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സ൪വിസ് വിഷയങ്ങൾ എന്നിവ പരിണിക്കില്ല.