കൊച്ചി: ഗതാഗത മന്ത്രി അറിയുമോ മെട്രോ നഗരത്തിന്റെ ഈ ദുരിതക്കാഴ്ച…! എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശോച്യാവസ്ഥ കാണാൻ ശനിയാഴ്ചയെത്തുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് ഓരോ നഗരവാസിക്കും ചോദിക്കാനുള്ളത് ഇതായിരിക്കും. പതിറ്റാണ്ടുകളായി ഭരിച്ചവർക്കും ജനപ്രതിനിധികളായവർക്കുമെല്ലാം അപമാനമായി മാറുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻറ്. മെട്രോ റെയിലും ജലമെട്രോയുമടക്കം ആധുനിക ഗതാഗത സംവിധാനങ്ങളുടെ മേനി നടിക്കുമ്പോഴും വർഷങ്ങളായി നാണക്കേടിന്റെ പര്യായമായി മാറുകയാണ് മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കെ.എസ്.ആർ.ടി.സി ഡിപ്പോ.

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മൂത്രപ്പൂരയിൽ പൈപ്പ് പൊട്ടി ചോർന്ന് പരിസരം വൃത്തിഹീനമായനിലയിൽ
ശോച്യാവസ്ഥയിൽ കെട്ടിടം; മാലിന്യക്കൂമ്പാരം
പ്രതിദിനം 89 ബസുകൾ ഓപറേറ്റ് ചെയ്യുകയും 479 ബസുകൾ വന്നുപോകുകയും ആയിരക്കണക്കിന് യാത്രക്കാരെത്തുകയും ചെയ്യുന്ന ഇവിടെ അരനൂറ്റാണ്ടിലേറെ പഴക്കമുളള കെട്ടിടം പൂർണമായും ശോച്യാവസ്ഥയിലാണ്. പല ഭാഗങ്ങളും ഇടിഞ്ഞ് വീണുതുടങ്ങി. ചില സ്ഥലങ്ങളിൽ മഴ അകത്ത് തന്നെ പെയ്യുകയാണ്. ഇതിന് പുറമേയാണ് കെട്ടിടത്തിനകത്തെ മാലിന്യക്കൂമ്പാരം. കോംപ്ലക്സിനകത്തെ സ്ഥാപനങ്ങളിൽനിന്നുളളതടക്കമുളള മാലിന്യങ്ങൾ ഇതിനകത്താണ് കുന്നുകൂടിക്കിടക്കുന്നത്. യാത്രക്കാർക്ക് മഴയും വെയിലും കൊളളാതെ ബസ് കാത്ത് നിൽക്കാനോ ഇരിക്കാനോ സൗകര്യങ്ങളില്ലാത്തതാണ് മറ്റൊരു പരാധീനത. രാത്രികാലങ്ങളിൽ മതിയായ വെളിച്ചം പോലുമില്ല. സ്റ്റാൻഡിനകത്തെ സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് നാളുകളായി.
മഴ പെയ്യുമ്പോൾ പകർച്ചവ്യാധി ഭീതി
ഒരു മഴപെയ്താൽ സ്റ്റാൻഡിനകത്ത് വെളളപ്പൊക്കമാണ്. മുട്ടിനുമുകളിലെത്തുന്ന വെള്ളം താണ്ടിവേണം യാത്രക്കാർക്ക് ബസ് പിടിക്കാൻ. ഓടകളിൽ നിന്നുളള മലിനവെളളമാണ് ഇവിടേക്കെത്തുന്നത്. ഈ വെളളക്കെട്ടാണ് മഴക്കാലമായാൽ മെട്രോനഗരിയുടെ മുഖമുദ്ര. പരാതിയും ആക്ഷേപവും വ്യാപകമായതോടെ ഇപ്പോൾ മഴപെയ്യുമ്പോൾ തന്നെ അഗ്നിരക്ഷാസേന സ്റ്റാൻഡിനകത്ത് മോട്ടോർവച്ച് വെളളം അടിച്ച് വറ്റിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മഴകനക്കുകയോ നീണ്ടുനിൽക്കുകയോ ചെയ്താൽ ഇത് വെറുതെയാകും
പദ്ധതികളേറെ; പ്രഖ്യാപനം മാത്രം
ഓരോ മഴക്കാലവും സ്റ്റാൻറിലെ ദുരിത കഥകൾ മാധ്യമങ്ങളിൽ നിറയും. സമൂഹമാധ്യമങ്ങൾ സജീവമായതോടെ ഇപ്പോൾ ഇവിടുത്തെ ദൃശ്യങ്ങൾ വൈറലാണ്. പരാതികൾ വ്യാപകമായതോടെ സ്റ്റാൻറ് നവീകരിക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനുമൊക്കെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഒന്നും നടപ്പായില്ല. കാരിക്കമുറിയിൽ വൈറ്റില ഹബ് മോഡലിൽ പുതിയ കെട്ടിടം നിർമിക്കുമെന്നും ഇതിനായി 12 കോടി അനുവദിച്ച് കഴിഞ്ഞ ഫെബ്രുവരി അവസാനവാരം നിർമാണമാരംഭിക്കുമെന്നൊക്കെയായിരുന്നു ഒടുവിലെ പ്രഖ്യാപനം. മന്ത്രി പി. രാജീവടക്കം എത്തിയാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ, പിന്നീടൊന്നുമുണ്ടായില്ല.

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ
മന്ത്രിയറിയാൻ…
- വൈറ്റില ഹബ് മാതൃകയിൽ കാരിക്കമുറയിൽ പ്രഖ്യാപിച്ച പദ്ധതി യാഥാർഥ്യമാക്കണം
- നിലവിലുള്ള സ്റ്റാന്റ് അറ്റകുറ്റപ്പണി നടത്തുക
- സ്റ്റാന്റിന് ചുറ്റുമുള്ള മലിനജലം മഴയത്ത് നിറഞ്ഞുകവിഞ്ഞ് സ്റ്റാന്റിനകത്തേക്ക് കയറുന്നതിന് പരിഹാരം വേണം
- യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ കയറിനിൽക്കാനും ഇരിക്കാനുമുള്ള സൗകര്യങ്ങൾ
- മാലിന്യ നിർമാർജനത്തിന് മതിയായ സംവിധാനങ്ങൾ
- മതിയായ സുരക്ഷാ സംവിധാനങ്ങൾ
- ദൈനംദിന ശുചീകരണത്തിനായി കെ.എസ്.ആർ.ടി.സി സ്വന്തം നിലയിലോ കോർപറേഷനുമായി സഹകരിച്ചോ നടപടി സ്വീകരിക്കണം
കാരണം ഉദ്യോഗസ്ഥ വീഴ്ച -ഹൈബി ഈഡൻ എം.പി
സ്റ്റാൻറ് നവീകരണത്തിനായി താനടക്കമുളളവർ വിവിധ ഘട്ടങ്ങളിൽ കൊണ്ട് വന്ന പദ്ധതികൾ ഉദ്യോഗസ്ഥ വീഴ്ചമൂലമാണ് പാളിയതെന്ന് ഹൈബി ഈഡൻ എം.പി. ഇക്കാര്യത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടണം. പ്രശ്ന പരിഹാരത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളക്കെട്ട് പരിഹരിക്കാൻ ഫണ്ട് നൽകും -എം.എൽ.എ
കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ വെളളക്കെട്ട് പരിഹരിക്കാൻ ആവശ്യമെങ്കിൽ ഫണ്ട് നൽകുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ. സ്റ്റാൻഡിലെ ശോച്യാവസ്ഥ പരിഹരിക്കാൻ ഗതാഗത മന്ത്രി മുൻകയ്യെടുക്കണം. പരിഹാരമാർഗങ്ങളെല്ലാം പരാജയപ്പെടുകയാണ്. സ്മാർട്ട്മിഷൻ അനുവദിച്ച ഫണ്ടും സാങ്കേതികത്വത്തിൽ കുരുങ്ങി നഷ്ടമാകുന്ന സാഹചര്യമാണ്. ഇതൊഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.