കൊച്ചി: സംസ്ഥാനത്തെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവേ രേഖകൾ തയാറാക്കുന്നതിനുള്ള ‘എന്റെ ഭൂമി’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ 13 വില്ലേജുകളിൽ സർവേ നടപടികൾ പൂർത്തിയായി. കണയന്നൂർ, തിരുവാങ്കുളം, രാമമംഗലം, ഫോർട്ട്കൊച്ചി, ആമ്പല്ലൂർ, പല്ലാരിമംഗലം, വാളകം, ഇടക്കൊച്ചി, പൂണിത്തുറ, മട്ടാഞ്ചേരി, തോപ്പുംപടി, മണീട്, പള്ളുരുത്തി വില്ലേജുകളിലാണ് സർവേ പൂർത്തിയായത്. ഈ വില്ലേജുകളിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ഇതിലുള്ള ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള 9(2) വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ഥലം അളന്നതുമായി ബന്ധപ്പെട്ട പരാതികൾ അതത് വില്ലേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫിസിൽ സമർപ്പിക്കാം. ജില്ലയിൽ ‘എന്റെ ഭൂമി’ പോർട്ടൽ വഴി ഓൺലൈനായി ഡിജിറ്റൽ സ്കെച്ച് പരിശോധിക്കാം. വ്യക്തിവിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തശേഷം ലോഗിൻ ചെയ്യണം. തുടർന്ന് തണ്ടപ്പേർ/സർവേ നമ്പർ ഉപയോഗിച്ച് വസ്തുവിന്റെ ഡിജിറ്റൽ സ്കെച്ച് പരിശോധിക്കാം. ആധാര പ്രകാരമുള്ള വിസ്തീർണവും അതിരുകളും പരിശോധിക്കാം. മുമ്പ് വരച്ച സ്കെച്ചുകളുമായി ഒത്തുനോക്കുകയും ചെയ്യാം. സ്കെച്ച് സംബന്ധിച്ച പരാതികൾ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫിസിൽ സമർപ്പിക്കാം.
രണ്ടാം ഘട്ടത്തിൽ നെടുമ്പാശ്ശേരി, ഇടപ്പള്ളി സൗത്ത്, തെക്കുംഭാഗം, പാലക്കുഴ, ചേലാമറ്റം, കുമ്പളങ്ങി എന്നിവിടങ്ങളിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്. കുഴുപ്പിള്ളി, ഏഴിക്കര, കടുങ്ങല്ലൂർ വില്ലേജുകളിലെ ഡിജിറ്റൽ സർവേയും ഉടൻ ആരംഭിക്കുമെന്ന് ഡിജിറ്റൽ സർവേ അസി. ഡയറക്ടർ കെ. ജയകുമാർ പറഞ്ഞു.