പെരുമ്പാവൂര്‍: സബ് ട്രഷറിക്ക് കീഴിലെ സ്റ്റാമ്പ് വെണ്ടര്‍മാരുടെ പക്കല്‍ കുറഞ്ഞ വിലയുടെ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. കുറച്ചുനാളുകളായി മുദ്രപ്പത്രം ഒട്ടും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കിലോമീറ്ററുകള്‍ താണ്ടി നഗരത്തിലെത്തുമ്പോഴാണ് കിട്ടാനില്ലെന്ന വിവരം അറിയുന്നത്. വര്‍ഷത്തില്‍ പകുതി ദിവസവും പെരുമ്പാവൂരില്‍ കുറഞ്ഞ വിലയുടെ പത്രങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മേയ്, ജൂണ്‍ മാസങ്ങളിലെ ഈ സ്ഥിതി വര്‍ഷങ്ങളായി തുടരുകയാണ്. വാടക, വാഹന വിൽപന, വ്സതു വിൽപന തുടങ്ങിയവയുടെ കാരാറുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് കുറഞ്ഞ വിലയുടെ നൂറുകണക്കിന് മുദ്രപ്പത്രങ്ങള്‍ വിറ്റു പോകുന്നുണ്ട്. ഈ ആവശ്യങ്ങള്‍ക്ക് മാത്രം 200 രൂപയുടെ മുദ്രപത്രങ്ങള്‍ക്ക് നിരവധി ആളുകള്‍ എത്തുന്നുണ്ട്.
ഒറ്റപ്പത്രം ലഭിക്കാത്ത മുറക്ക് 100, 50 തുടങ്ങിയ വിലകളുടെ പത്രങ്ങള്‍ വാങ്ങി പരിഹാരം കാണുകയാണ് പതിവ്. എന്നാല്‍, നിലവില്‍ വെണ്ടര്‍മാരുടെ പക്കലുള്ള കുറഞ്ഞ വിലയുടെ പത്രം 500 രൂപയുടേതാണ്. സ്കൂള്‍, കോളജ് ആവശ്യങ്ങള്‍ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവക്ക് 50, 100 രൂപയുടെ പത്രങ്ങളാണ് ആവശ്യം. മുമ്പ് പത്രങ്ങള്‍ക്ക് ആഴ്ചകളോളം ക്ഷാമം നേരിട്ട അവസരങ്ങളില്‍ അഞ്ച് രൂപയുടെ പത്രങ്ങളില്‍ 50, 100 എന്നിവയുടെ സീല്‍ വെച്ച് നല്കി പരിഹരിച്ച സംഭവങ്ങളുണ്ട്. പെരുമ്പാവൂരില്‍ പത്രം കിട്ടാതെ വരുമ്പോള്‍ ആവശ്യക്കാർ ശ്രീമൂലനഗരം, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വാങ്ങുന്നത്.
സ്റ്റാമ്പ് ഡിപ്പോയില്‍ പത്രം തീര്ന്നാതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. രജിസ്ട്രാര്‍ ഓഫിസും സബ് ട്രഷറിയും ഉള്‍പ്പടെയുള്ള കുന്നത്തുനാട് താലൂക്ക് ആസ്ഥാനമായ പെരുമ്പാവൂരില്‍ മുദ്രപ്പത്ര ക്ഷാമം സംബന്ധിച്ച ആക്ഷേപം ഗൗവരമായി കാണാത്തത് ഉദ്യോഗസ്ഥ അനാസ്ഥയായി ചൂണ്ടികാണിക്കപ്പെടുന്നു.