മട്ടാഞ്ചേരി: ആഡംബര കപ്പൽ സീസണിന് തുടക്കം കുറിച്ച് ശനിയാഴ്ച കൊച്ചി തുറമുഖത്ത് ആദ്യ കപ്പൽ എത്തും. റോയൽ കരീബിയൻ ഗ്രൂപ്പിന്റെ ‘സെലിബ്രിറ്റി എഡ്ജ്’ എന്ന ഉല്ലാസക്കപ്പലാണ് ഈ സീസണിൽ ആദ്യമായെത്തുക. മുംബൈയിൽനിന്നു വരുന്ന കപ്പലിൽ 2000ത്തോളം സഞ്ചാരികളും 1377 ജീവനക്കാരുമാണുള്ളത്. ശനിയാഴ്ച രാത്രിതന്നെ കൊളംബോയിലേക്ക് തിരിക്കും. 26ന് അസമാര ജേണി എന്ന മറ്റൊരു കപ്പലും കൊച്ചിയിലെത്തുന്നുണ്ട്.
നവംബർ മുതൽ മേയ് വരെയാണ് സാധാരണയായി ക്രൂസ് സീസൺ. 2023-24 സീസണിൽ 44 കപ്പലുകളാണ് കൊച്ചിയിലേക്ക് ചാർട്ട് ചെയ്തിരിക്കുന്നത്. ആഡംബര കപ്പൽ വിനോദസഞ്ചാര മേഖലയെ ആകർഷകമാക്കാൻ കൊച്ചി തുറമുഖ അതോറിറ്റി ആധുനിക ക്രൂസ് ടെർമിനലാണ് ഒരുക്കിയിരിക്കുന്നത്. കപ്പലുകൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു കപ്പൽ തുറമുഖത്ത് അടുക്കുന്നതോടെ വിവിധയിനം സേവനങ്ങളിലൂടെ തുറമുഖ ട്രസ്റ്റിന് 15 മുതൽ 25 ലക്ഷം രൂപ വരെയാണ് വരുമാനം. കുടിവെള്ളം നിറക്കൽ തുടങ്ങിയ മറ്റു സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് വേറെയും. വാഹന സൗകര്യമടക്കം ഒരു സഞ്ചാരി ശരാശരി 1300-1500 ഡോളർ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്.
പ്രതിവർഷം ശരാശരി 75,000 സഞ്ചാരികൾ വരെ ആഡംബര കപ്പൽ വഴി കൊച്ചിയിലെത്താറുണ്ട്. ആഡംബര കപ്പൽ ആഗമനം കൊച്ചിയുടെ വിദേശ വിനോദ സഞ്ചാര മേഖലക്ക് ഉണർവ് പകരും.