നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; അടിയില്‍പെട്ട് ഡ്രൈവർക്ക്​ ദാരുണാന്ത്യം

Estimated read time 0 min read

മൂവാറ്റുപുഴ: വീടിന്​ മുന്നിൽ ട്രാവലർ പാർക്ക് ചെയ്തശേഷം നടക്കുകയായിരുന്ന യുവാവ്, മുന്നോട്ട് നീങ്ങിയ അതേ വാഹനത്തിനടിയിൽപെട്ട് മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദുവാണ്​ (25) മരിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടമുണ്ടായത്. വീടിന് സമീപം നിർത്തിയിട്ടശേഷം നടക്കുന്നതിനിടെയാണ്​ ട്രാവലർ മുന്നോട്ടുനീങ്ങുന്നത്​ ശ്രദ്ധയിൽപെട്ടത്​. റോഡിലേക്ക്​ നീങ്ങാതിരിക്കാൻ ട്രാവലറിനുള്ളിൽ കയറാൻ ശ്രമിക്കവേ പിടിവിട്ട്​ അടിയിലേക്ക്​ വീഴുകയായിരുന്നു. സമീപത്തെ കിടങ്ങിലെ കെട്ടിൽ ഇടിച്ച്​ ട്രാവലർ നിന്നതോടെ നന്ദു അതിനടിയിൽ കുടുങ്ങുകയും ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയുമായിരുന്നു.

അപകടം നേരില്‍ക്കണ്ട പ്രദേശവാസികള്‍ ചേര്‍ന്ന് എക്സ്ക​വേറ്റർ എത്തിച്ച് വാഹനം ഉയര്‍ത്തിയാണ് നന്ദുവിനെ പുറത്തെടുത്തത്. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂവാറ്റുപുഴ പൊലീസും അഗ്​നിരക്ഷാസേനയും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം പിന്നീട്. പിതാവ്: സജി. മാതാവ്: സിന്ദു. സഹോദരന്‍: അനന്തു.

You May Also Like

More From Author