പെരുമ്പാവൂര്‍: ടൗണില്‍ അന്തര്‍ സംസ്ഥാന സ്ത്രീകള്‍ ഏറ്റുമുട്ടുന്നത് പതിവാകുന്നു. പലപ്പോഴും നടുറോഡിലും ആള്‍ക്കൂട്ടത്തിനിടയിലും ഇവര്‍ തമ്മിലടിക്കുകയാണ്. പി.പി റോഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആര്.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇവരുടെ അഴിഞ്ഞാട്ടവും തമ്മിലടിയും അരങ്ങേറുന്നത്. തിങ്കളാഴ്ച വൈകീട്ട് പി.പി റോഡ് മധ്യത്തില്‍ രണ്ട് സ്ത്രീകള്‍ തമ്മിലടിച്ചത് മിനിറ്റുകള്‍ നീണ്ടു. വാഹനങ്ങള്‍ക്കുപോലും കടന്നുപോകാനാകാത്ത വിധമായിരുന്നു ഏറ്റുമുട്ടല്‍. പരാതികളില്ലെന്ന കാരണത്താല്‍ പൊലീസ് നടപടി എടുക്കാറില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ അന്തര്‍ സംസ്ഥാന യുവതികളെ കുഴപ്പങ്ങളുണ്ടാക്കി പൊലീസ് പിടികൂടി വൈദ്യ പരിശോധനക്ക് സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുന്നത് തലവേദനയായതിനാൽ പൊലീസ് കണ്ണടക്കുകയാണ് പതിവ്.
നഗരം കഞ്ചാവിനും മയക്കുമരുന്നിനും ലൈംഗിക തൊഴിലിനും താവളമായെന്ന പരാതി വ്യാപകമാകുന്നത് ശരിവെക്കുന്ന തരത്തിലാണ് മിക്കപ്പോഴും സ്ത്രീകളുടെ അഴിഞ്ഞാട്ടമെന്ന് വ്യാപാരികള്‍ പറയുന്നു. മയക്കുമരുന്ന് വില്പനയുടെ കണ്ണികള്‍ പലരും സ്ത്രീകളാണ്. കെ.എസ്.ആര്.ടി.സി സ്റ്റാൻഡില്‍ യാത്രക്കാര്‍ക്കുള്ള ഇരിപ്പിടം പകലും രാത്രിയും കൈയടക്കുകയാണ് ലൈംഗിക തൊഴിലാളികളായ ഇക്കൂട്ടര്‍. അന്തര്‍ സംസ്ഥാന പുരുഷന്മാരെ ലക്ഷ്യം വെച്ചാണ് ഇവർ സ്റ്റാൻഡിലെത്തുന്നത്. ഇവര്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന ലോഡ്ജുകള്‍ പരിസരത്തുണ്ട്. ഇവരുടെ അഴിഞ്ഞാട്ടം മൂലം വ്യാപാരികള്‍ പൊറുതിമുട്ടുന്നതിനു പുറമെ, സാധാരണക്കാരായ സ്ത്രീകള്‍ക്ക് റോഡിലൂടെ നടക്കാനും സ്റ്റാൻഡില്‍ ബസ് കാത്ത് നില്‍ക്കാനും കഴിയാത്ത സ്ഥിതിയാണെന്നാണ് ആക്ഷേപം.