കൊച്ചി: രണ്ടുപേരുടെ മരണത്തിനിടയാക്കിയ തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കാട് അനധികൃത പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലെ പത്ത് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ദേവസ്വം, കരയോഗം ഭാരവാഹികളായ ഉദയംപേരൂർ പുത്തൻപുരയിൽ അനിൽകുമാർ, തെക്കുംഭാഗം ചാലിയത്ത് സന്തോഷ്, പുതിയകാവ് രേവതിയിൽ കൃഷ്ണൻകുട്ടി നായർ, കാരോത്ത് സതീശൻ, തെക്കുംഭാഗം വെട്ടുവേലിൽ ശശികുമാർ, തെക്കുംഭാഗം പി.കെ നിവാസിൽ രഞ്ജിത്, നാലുകെട്ടിൽ സജീവ് കുമാർ, പേരപറമ്പിൽ രാജീവ്, നാലുകെട്ടിൽ കെ.കെ. സത്യൻ, കളരിക്കൽത്തറ രാജീവ് എന്നിവർക്കാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പുതിയകാവ് ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കുംഭാഗത്തിന്റെ പറമ്പിൽ ഇറക്കിവെച്ച കരിമരുന്നുകൾ ഫെബ്രുവരി 12നാണ് പൊട്ടിത്തെറിച്ചത്. രണ്ടുപേരുടെ മരണത്തിന് പുറമെ ഒട്ടേറെ പേർക്ക് പരിക്കേൽക്കുയും 321 വീട് തകരുകയും ചെയ്തിരുന്നു.
സെഷൻസ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്.
തീരുമാനമെടുക്കുന്ന സമിതിയിൽ തങ്ങൾ അംഗങ്ങളായിരുന്നില്ലെന്നും പൊലീസ് നോട്ടീസിനെ തുടർന്ന് വെടിക്കെട്ട് റദ്ദാക്കിയിരുന്നതാണെന്നുമായിരുന്നു പ്രതികളുടെ വാദം. നേരത്തേ പ്രതികളുടെ ജാമ്യം ഹൈകോടതി തള്ളിയിരുന്നു. എന്നാൽ, 71 ദിവസമായി ജയിലിലാണെന്നതടക്കം വിലയിരുത്തിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതടക്കം മറ്റ് ഉപാധികളുമുണ്ട്.