പെരുമ്പാവൂര്‍: പ്ലാസ്റ്റിക് ഉല്പന്നങ്ങള് നിര്‍മിക്കുന്ന കമ്പനിയുടെ ഗോഡൗണിന് തീയിട്ട അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ മിനർവ ബസാര്‍ വെസ്റ്റ് സ്വദേശി വിശാല്‍ കുമാറിനെയാണ് (22) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാള്‍ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
തീവെച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. സ്വാഭാവിക തീപ്പിടിത്തമല്ലെന്ന് അഗ്നിരക്ഷ സേന സൂചന നല്‍കിയിരുന്നു. ഇതിനിടെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളോടെ ഉടമകള്‍ പൊലീസില്‍ പരാതി നല്കി. പരിശോധനയില്‍ മാലിന്യം കത്തിച്ച് കസേര കൂട്ടത്തിലേക്ക് ഇട്ട ശേഷം ഒരാള്‍ ഓടുന്നതും ഉടനെ തീ ആളികത്തുന്നതും വ്യക്തമായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍, തെളിവുകള്‍ വ്യക്തമല്ലെന്ന കാരണം പറഞ്ഞ് ഇവരെ രാത്രി കമ്പനിക്ക് പുറത്തുകൊണ്ടുപോയി വിട്ടത് പ്രതിഷേധത്തിനിടയാക്കി. ഉടമ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും പ്രതിയെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എം.കെ. രാജേഷ്, എസ്.ഐമാരായ ടോണി ജെ. മറ്റം, ഒ.എസ്. രാധാകൃഷ്ണന്, എം.ടി. ജോഷി, എന്‍.കെ. ബിജു, സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.