മൂവാറ്റുപുഴ: കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകാൻതുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ആവോലി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഹോസ്റ്റൽ ജങ്ഷനിൽ നിന്നുംആരംഭിച്ച് മൂവാറ്റുപുഴ നിർമല കോളജിന് സമീപം അവസാനിക്കുന്ന റോഡിലാണ് നാല് ദിവസമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ആവോലി പഞ്ചായത്തിലെ 1, 12 ,13 ,14 വാർഡുകളിലേക്ക് ടാങ്കിൽനിന്നു കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ഇതിനകം ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായിട്ടുണ്ട്. പൈപ്പ് പൊട്ടിയ ഉടൻ നാട്ടുകാർ വിവരം അധികൃതരെ അറിയിച്ചങ്കിലും ഇതുവരെ ഒരു നടപടി സ്വീകരിച്ചിട്ടില്ല.
കരാറുകാർ പണിമുടക്കായതിനാലാണ് പൈപ്പ് നന്നാക്കുവാൻ സാധിക്കാത്തതെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. വാർഡ് അംഗം രാജേഷ് പൊന്നും പുരയിടം, നിർമല നഗർ റസിഡൻസ് അസോസിയേഷൻ അംഗങ്ങളായ ഡൊമനിക്ക്, നിർമ്മല വാലി അസോസിയേഷൻ അംഗം ശാന്ത കുന്നുകൂടി, രാജു ആൻറണി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.