അങ്കമാലി: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട നേതാവ് വിനു വിക്രമനെ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പാറക്കടവ് സ്വദേശികളായ കുറുമശ്ശേരി വേങ്ങൂപ്പറമ്പിൽ ‘തിമ്മയൻ’ എന്ന നിഥിൻ (30), കുറുമശ്ശേരി മണ്ണാറത്തറ വീട്ടിൽ ദീപക് (38) എന്നിവരെയാണ് കൃത്യംനടന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്. പിടിയിലായ ഇരുവരും നേരത്തെ വിനു കൊലപ്പെടുത്തിയ ബിനോയിയുടെ അനുയായികളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ 1.30ഓടെ പ്രിയ ആശുപത്രിക്ക് സമീപമാണ് ‘അത്താണി ബോയ്സ്’ എന്ന കുപ്രസിദ്ധ ഗുണ്ട സംഘം തലവനും അത്താണി ബിനോയ് കൊലക്കേസടക്കം നിരവധി കേസുകളിൽ പ്രതിയുമായ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി അത്താണി വിഷ്ണു വിഹാറിൽ വിക്രമന്‍റെ മകൻ വിനു (33) ശരീരമാസകലം വെട്ടേറ്റ് അതിക്രൂരമായി കൊല്ലപ്പെട്ടത്. തല മുതൽ പാദം വരെ അറ്റ് പോകും വിധം ശരീരമാസകലം വെട്ടേറ്റ് നടു റോഡിൽ രക്തം വാർന്ന് അവശനിലയിൽ കിടന്ന വിനുവിനെ ബൈക്ക് യാത്രികനാണ് ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടൻ പൊലീസെത്തി വിനുവിനെ അങ്കമാലി അപ്പോളോ ആശുപത്രിയിെലത്തിച്ചെങ്കിലും മരിച്ചു.
2019 നവംബർ 17ന് രാത്രി ഏഴിന് ഗുണ്ടത്തലവനായിരുന്ന അത്താണി സ്വദേശി ‘ഗില്ലപ്പി’ എന്ന ബിനോയിയെ കുഴൽപ്പണം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള വൈരാഗ്യത്താൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിനു. അത്താണി ഓട്ടോ സ്റ്റാൻഡിൽ ആളുകൾ നോക്കി നിൽക്കെ നിഷ്ഠൂരമായാണ് ബിനോയിയെ കൊലപ്പെടുത്തിയത്. തുടർനനാണ് വിനു സംഘത്തലവനായത്. ബിനോയിയുടെ അനുയായികളായ ദീപകിനും നിഥിനും വിനുവിനോട് പ്രതികാരമുള്ളവരായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി വിനുവും ദീപക്കും നിഥിനും കിഴക്കേ കുറുമശ്ശേരി സ്വദേശി ‘സിംബാവെ’ എന്ന സതീഷനും ചേർന്ന് കുന്നുകര ചീരോത്തിത്തോട് ഭാഗത്തെ തിരുക്കൊച്ചി ബാറിൽ മദ്യപിക്കാനെത്തിയിരുന്നു. വിനുവും സതീഷനും കൂടുതൽ മദ്യപിച്ചിരുന്നു. ദീപക്കിന്‍റെയും നിഥിന്‍റെയും സ്വബോധം നഷ്ടപ്പെട്ടിരുന്നില്ല. നാല് പേരും ബാറിൽ വച്ച് കലഹിക്കുകയും 11ഓടെ കുറുമശ്ശേരി സ്വദേശിയായ സിന്‍റോയുടെ ഓട്ടോയിൽ മടങ്ങുകയും ചെയ്തു.
അതിനിടെ നിഥിന്‍റെ പ്രിയപ്പടി കവലയിലെ വീട്ടിൽ വിനുവും നിഥിനും ദീപക്കും ഭക്ഷണം കഴിക്കാനെത്തിയത്രെ. ഈ സമയം ഓട്ടോ ഡ്രൈവറും സതീഷനും വഴിയരികിൽ നിർത്തിയ ഓട്ടോയിൽ ഉറങ്ങി. നിഥിന്‍റെ വീട്ടിൽ വച്ചും മൂവരും തമ്മിൽ വഴക്കുണ്ടായി വിനു ഇറങ്ങിപ്പോന്നു. പിന്നാലെ വന്ന ദീപക്കും നിഥിനും ചേർന്ന് വിനുവിനെ അതിക്രൂരമായി വെട്ടി വീഴ്ത്തുകയായിരുന്നു. നാല് വർഷം മുമ്പ് ബിനോയിയെ കൊലചെയ്തതിന്‍റെ പ്രതികാര ദാഹത്താൽ ഇരുവരും ചേർന്ന് ആസൂത്രിതമായി ചെയ്ത കൊലപാതകമാണെന്നും സൂചനയുണ്ട്. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്. സതീഷും സിന്‍റോയും പൊലീസ് കസ്റ്റഡിയിലുണ്ട്.
മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു: വിക്രമന്റെയും പരേതയായ സാറക്കുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട വിനു. ഏക സഹോദരൻ: വിഷ്ണു. കൊലക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വടക്കേക്കര ലേബർ ജങ്ഷൻ സമീപത്ത് നിന്നാണ് പിടികൂടിയത്.
നിഥിനെതിരെ കാലടി, അങ്കമാലി, നെടുമ്പാശ്ശേരി, ചെങ്ങമനാട് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ദീപക്കിനെതിരെ നെടുമ്പാശ്ശേരി, ചെങ്ങമനാട് സ്റ്റേഷനുകളിലും നിരവധി കേസുകളുള്ളതായും പൊലീസ് പറഞ്ഞു.
ആലുവ ഡി.വൈ.എസ്.പി എ. പ്രസാദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ. കുമാർ, എസ്.ഐമാരായ സന്തോഷ് അബ്രഹാം, നൗഷാദ്, എ.എസ്.ഐമാരായ ഡിക്സൻ, സിനുമോൻ, ജിയോ, എസ്.സി.പി.ഒമാരായ ജോയി ചെറിയാൻ, ഷിബു അയ്യപ്പൻ, അഖിലേഷ്, സി.പി.ഒമാരായ കൃഷ്ണരാജ്, വിബിൻ, സജിത്, സെബാസ്റ്റ്യൻ എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.