മൂവാറ്റുപുഴ: സെൻട്രൽ ജുമാമസ്ജിദ് കമ്മിറ്റി സകാത്തുൽമാൽ ഉപയോഗപ്പെടുത്തി നിർമിക്കുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. മൂവാറ്റുപുഴ നിരപ്പിൽ വാങ്ങിയ 24 സെന്റ് സ്ഥലത്താണ് മഹല്ലിലെ വീടില്ലാത്ത എട്ട് കുടുംബങ്ങൾക്ക് കിടപ്പാടം ഒരുങ്ങുന്നത്. ഈ വർഷത്തെ അടക്കം രണ്ടുവർഷത്തെ സകാത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് വീടുകളുടെ നിർമാണം. ഇതിൽ ഏഴു വീടിന്റെ പണി 70 ശതമാനത്തോളം പൂർത്തിയായി.
സ്ഥലത്തിനടക്കം ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 650 സ്ക്വയർ ഫീറ്റ് വീതമുള്ള വീടുകൾക്ക് രണ്ട് ബഡ്റൂം, ഹാൾ, സ്വിറ്റ് ഔട്ട്, കിച്ചൺ, അറ്റാച്ച്ഡ് ബാത്റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. 2005 മുതലാണ് മഹല്ല് വ്യവസ്ഥാപിതമായി സകാത് പിരിച്ചെടുത്ത് അംഗങ്ങൾക്ക് വിവിധ സഹായങ്ങൾ നൽകാൻ ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ ജീവനോപാധികളാണ് നൽകിയിരുന്നത്. നിരവധി പേർക്ക് സ്വയംതൊഴിലിനായി തയ്യൽ മെഷീനുകളും ഓട്ടോറിക്ഷകളും നൽകി. തുടർന്ന് 2014ൽ വീടില്ലാതെ വാടകക്ക് താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭ മൂന്നാം വാർഡിൽപെട്ട ലൊറോറ്റൊ ആശ്രമത്തിനു സമീപം വാങ്ങിയ 65 സെൻറ് സ്ഥലത്ത് മിനാ ട്രസ്റ്റുമായി സഹകരിച്ച് 20 വീടാണ് ആദ്യം നിർമിച്ചത്. മൂന്ന് സെൻറ് സ്ഥലത്ത് 650 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീടുകളാണ് നിർമിച്ചത്. ഒരുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. തുടർന്ന് 2018ൽ ഒന്നേകാൽ കോടി രൂപ ചെലവിൽ റോട്ടറി റോഡിൽ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റും നിർമിച്ചുനൽകി.
ഇത്തവണ എട്ട് വീടുകൾകൂടി നൽകുന്നതോടെ 40 കുടുംബങ്ങൾക്ക് വാടകക്കാരെ പേടിക്കാതെ കയറിക്കിടക്കാനിടമാകും. 50 വർഷത്തിലേറെയായി വാടകക്ക് താമസിക്കുന്ന നിരവധി നിർധന കുടുംബങ്ങൾ ഇനിയുമുണ്ടെന്നും ഇങ്ങനെയുള്ളവർക്ക് വീട് നൽകാൻ വരുംവർഷങ്ങളിലും ശ്രമം തുടരുമെന്നും മഹല്ല് പ്രസിഡൻറ് പി.എം. അബ്ദുൽ സലാം, സെക്രട്ടറി എം.എം. മുഹമ്മദ്, വീട് നിർമാണ കമ്മിറ്റി അംഗങ്ങളായ പി.എസ്. അഷറഫ്, പി.എസ്. ഷുക്കൂർ, കെ.എം. നാസാർ എന്നിവർ പറഞ്ഞു.