കൊച്ചി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65കാരന് മൂന്ന് ജീവപര്യന്തം തടവ്. കൊച്ചി മുണ്ടംവേലി സാന്തോം കോളനിയിൽ പുളിമൂട്ടിപ്പറമ്പ് വീട്ടിൽ ശിവനെയാണ് (65) എറണാകുളം പ്രത്യേക പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. മൂന്ന് ജീവപര്യന്തം തടവിന് പുറമെ 25 വർഷം കഠിനതടവും 4,60,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്.
2018 മേയിലാണ് സംഭവം. പ്രതി പിഴ അടക്കുകയാണെങ്കിൽ അത് കുട്ടിക്ക് നൽകാനാണ് നിർദേശം. പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുന്നതിനുമുമ്പ് കോടതി വിധിച്ച 25 വർഷം തടവ് അനുഭവിക്കണമെന്നാണ് നിർദേശം. പ്രതി ഇതുവരെ ജയിലിൽ ചെലവഴിച്ച 635 ദിവസം ശിക്ഷയിൽനിന്ന് ഇളവ് ചെയ്യാനും കോടതി ഉത്തരവിൽ പറയുന്നു.
തോപ്പുംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ എൻ.എ. അനൂപാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.