ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ

Estimated read time 1 min read

ആലുവ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. തിരക്കേറിയ കെ.എസ്.ആർ.ടി ബസ് സ്റ്റാൻ്റിനും റെയിൽവെ സ്റ്റേഷനുമിടയിൽ വച്ച് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. രണ്ട് ദിവസം മുൻപ് റെയിൽവേ സ്റ്റേഷന് മുൻപിൽ നിന്ന് മറ്റൊരാളെയും തട്ടിക്കൊണ്ട് പോയിരുന്നു. ഇയാളെ പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെ ഞായറാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് രണ്ടാമത്തെ സംഭവം.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെ ഇന്നോവ കാറിലെത്തിയ സംഘം ബലമായി പിടിച്ച് കയറ്റുകയായിരുന്നു. കാർ റോഡരികിൽ അരമണിക്കൂറോളം നിർത്തിയിട്ടിരുന്നതായാണ് റിപ്പോർട്ട്.

സംഭവം കണ്ട് ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഒരാളെ ബലമായി കാറിലേക്ക് തള്ളി കയറ്റുന്നതാണ് ഓട്ടോ തൊഴിലാളികൾ കണ്ടത്. ആറരയോടെ ഒരു കാർ ടാക്‌സി സ്റ്റാൻഡിൽ നിർത്തിയിട്ടു. എന്നാൽ, അവിടെ നിർത്താൻ പാടില്ലെന്ന് പറഞ്ഞപ്പോൾ അവർ വാഹനം മാറ്റിനിർത്തിയെന്നാണ് സംഭവം കണ്ട ഓട്ടോ ഡ്രൈവർ പറയുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ബഹളം കേട്ടു. അങ്ങോട്ട് നോക്കിയപ്പോൾ ഒരാളെ തള്ളിക്കയറ്റി പോകുന്നത് കണ്ടുവെന്നും ഡ്രൈവർ പറയുന്നു.

ചുവന്ന ഇന്നോവയിലാണ് സംഘം വന്നതെന്നും നാലു പേരുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ ഹോട്ടലിൽ നിന്ന് പൊലീസിന് ചില സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാറിൻ്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്.

വ്യാഴാഴ്ച്ച പുലർച്ചെയായിരുന്നു മറ്റൊരു തട്ടുക്കൊണ്ടു പോകലുണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെ ട്രെയിൻ ഇറങ്ങി പുറത്തേക്കിറങ്ങിയ കരുനാഗപ്പള്ളി സ്വദേശിയെ ബെലാനോ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. വാഹനം കാത്തുനിന്ന വ്യക്തിയുടെ മുന്നിലേക്ക് കാർ കൊണ്ടുവന്ന് നിർത്തിയ ശേഷം ബലമായി പിടിച്ച് കയറ്റി എറണാകുളം ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർമാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടനെ സ്വമേധയ കേസെടുത്ത ആലുവ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇയാളുടെ ഫോൺ സിഗ്നലിനനുസരിച്ച് പിന്തുടർന്ന് കൊല്ലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇയാൾ ആലുവ പൊലീസിന് മൊഴി നൽകിയത്. തന്നെ മർദിച്ച ശേഷം ഫോണും പേഴ്‌സും തട്ടിയെടുത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. എന്നാൽ, ഇയാൾ സ്വർണ കടത്ത് സംഘത്തിൽപ്പെട്ടയാളാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളിൽ നിന്ന് സ്വർണം തട്ടിയെടുത്ത ശേഷം സംഘം ഉപേക്ഷിച്ചതാകാമെന്നും പൊലീസ് കരുതുന്നു. അതിനാൽ തന്നെ ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ സ്വർണകടത്തോ, കുഴൽപണ ഇടപാടോ പുതിയ തട്ടിക്കൊണ്ട് പോകലിന് പിന്നിലും ഉള്ളതായാണ് പൊലീസിന്റെ സംശയം. കാലങ്ങളായി മയക്കുമരുന്ന് കടത്തിന് കുപ്രസിന്ധമാണ് ആലുവ റെയിൽവേ സ്റ്റേഷൻ. ഇതിനിടയിൽ സ്വർണം – കുഴൽപ്പണ ഇടപാടുകാരുടെയും കേന്ദ്രമായി സ്റ്റേഷൻ മാറിയതായും ആരോപണമുണ്ട്. 

You May Also Like

More From Author