ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Estimated read time 1 min read

അങ്കമാലി: ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂർ പുല്ലാനി മേനാച്ചേരി വീട്ടിൽ യാക്കോബിന്‍റെ മകൻ വർഗീസാണ് (48) മരിച്ചത്. അങ്കമാലി – മഞ്ഞപ്ര റോഡിൽ കിടങ്ങൂര്‍ പെട്രോൾ ബങ്കിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം.

മഞ്ഞപ്രയിൽ നിന്ന് കരിങ്കല്ല് കയറ്റി വന്ന ടോറസ് മുന്നിൽ സഞ്ചരിച്ച ഓട്ടോയെ മറികടക്കുന്നതിനിടെ ഇടിച്ചിടുകയായിരുന്നു. റോഡിൽ തെറിച്ച് വീണ വർഗീസിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

റോഡിൽ ജീവാപായം സംഭവിക്കുന്ന വാഹനാപകടങ്ങൾ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ, ടോറസ് അടക്കമുള്ള വാഹനങ്ങൾ മറികടക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങൾ  സംഭവിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ വശങ്ങളിൽ പലയിടത്തും വൻതാഴ്ചയാണ്. അതിനാൽതന്നെ മിന്നൽ വേഗത്തിൽ പായുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുവാൻ സ്ഥലം പരിമിതമാണ്.

പീച്ചാനിക്കാട് സെന്‍റ്  സേവ്യേഴ്സ് പബ്ലിക് സ്കൂൾ അധ്യാപിക അങ്കമാലി പന്തപ്ലാക്കൽ കുടുംബാംഗം എൽജിയാണ് വർഗീസിന്റ ഭാര്യ. മക്കൾ: ഗോഡ്സൻ, എയ്ഞ്ചൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. 

You May Also Like

More From Author