അങ്കമാലി: നിരവധി അക്രമണക്കേസുകളിൽ ഉൾപ്പെട്ട നിരന്തര കുറ്റവാളിയായ മൂക്കന്നൂർ ചൂളപ്പുര മേനാച്ചേരി വീട്ടിൽ ആഷിക് ജിനോയെ (26) കാപ്പ ചുമത്തി ആറുമാസത്തേക്ക് നാട് കടത്തി. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിദ്ധമായി സംഘം ചേരൽ, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർമാരുടെ വിശ്രമമുറിയിൽ അതിക്രമിച്ചുകയറി ഡോക്ടറെ ദേഹോപദ്രവം ഏൽപിച്ചതിനെത്തുടർന്ന് അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതോടെയാണ് നടപടി.