കൊച്ചി: നാല് ലോക്സഭ മണ്ഡലങ്ങളുടെ സംഗമസ്ഥാനമെന്ന നിലയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമാണ് എറണാകുളം ജില്ല. എറണാകുളം ലോക്സഭ മണ്ഡലം പൂർണമായും ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങൾ ഭാഗികമായും ഉൾകൊള്ളുന്നത് വഴിയാണ് ഈ പ്രത്യേകത.
ജില്ലയിൽ ഇത്തവണ നേരത്തേ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടന്ന കോട്ടയം ലോക്സഭ മണ്ഡലത്തിലുൾപെടുന്ന പിറവം നിയമസഭാ മണ്ഡലം ജില്ലയിലായതിനാൽ പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ തുടക്കമിട്ടത് ഇവിടെനിന്നാണ്.
ഇടത് സ്ഥാനാർഥി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ തോമസ് ചാഴിക്കാടന്റെ പ്രചാരണ ബോർഡുകളും ചുവരെഴുത്തുകളുമാണ് ആദ്യം ഉയർന്നത്. തൊട്ടുപിന്നാലെ ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജും രംഗത്തെത്തിയതോടെ ഇദേഹത്തിന്റെ ബോർഡുകളും ചുവരെഴുത്തുകളും നിറഞ്ഞു തുടങ്ങി.
എറണാകുളത്തും അരങ്ങുണർന്നു
എറണാകുളത്ത് എൽ.ഡി.ഫ് സ്ഥാനാർഥിയായ സി.പി.എമ്മിലെ കെ.ജെ. ഷൈനാണ് ഒദ്യോഗിക പ്രഖ്യാപനം വന്നതോടെ ഒരുപടി മുന്നിൽ പ്രചാരണ രംഗത്തിറങ്ങിയത്. ഇതോടെ ഇടത് ക്യാമ്പുകളും ഉണർന്ന് സ്ഥാനാർഥിയുടെ വോട്ടഭ്യർഥനയും റോഡ് ഷോയും തുടങ്ങി.
സിറ്റിങ് എം.പി ഹൈബി ഈഡൻ തന്നെയാകും കോൺഗ്രസ് സ്ഥാനാർഥിയെന്ന് ഉറപ്പാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാൽ പ്രചാരണം സജീവമാക്കിയിട്ടില്ല. എങ്കിലും ചിലയിടങ്ങളിൽ പോസ്റ്ററുകളും ചുവരെഴുത്തുകളും നിറഞ്ഞിട്ടുണ്ട്. ട്വൻറി20 സ്ഥാനാർഥിയായി അഡ്വ. ആൻറണി ജൂഡിയും മത്സര രംഗത്തുണ്ട്. ബി.ജെ.പി സ്ഥാനാർഥിയെ കൂടി പ്രഖ്യാപിക്കുന്നതോടെ മത്സരചിത്രം പൂർണമാകും.
കളമശ്ശേരി, പറവൂർ, വൈപിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയമസഭ മണ്ഡലങ്ങളുൾകൊള്ളുന്നതാണ് എറണാകുളം ലോക്സഭ മണ്ഡലം. നിലവിൽ വൈപ്പിൻ, കൊച്ചി, കളമശ്ശേരി മണ്ഡലങ്ങൾ ഇടത് പക്ഷത്തിനൊപ്പവും തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാകര, പറവൂർ മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പവുമാണ്. പൊതുവെ വലത് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലത്തിൽ മണ്ഡല രൂപവൽക്കരണത്തിന് ശേഷം നടന്ന 18 തെരഞ്ഞെടുപ്പുകളിൽ 14 തവണവും വലതുപക്ഷത്തോടൊപ്പമായിരുന്നു വിജയം.
വി. വിശ്വനാഥ മേനോൻ, സേവ്യർ അറക്കൽ, സെബാസ്റ്റ്യൻ പോൾ എന്നിവരാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ച ഇടത് പക്ഷക്കാർ. കോൺഗ്രസ് പ്രതിനിധിയായി പ്രൊഫ. കെ.വി. തോമസാണ് ഏറ്റവും കൂടുതൽ കാലം മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡൻ 1,69,053 വോട്ടുകൾക്കാണ് സി.പി.എം സ്ഥാനാർഥി പി. രാജീവിനെ പരാജയപ്പെടുത്തിയത്. ആകെ 9,67,203 വോട്ടുകൾ (72.02%) പോൾ ചെയ്തതിൽ ഹൈബി 4,91,263 വോട്ടും രാജീവ് 3,22,110 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന അൽഫോൺസ് കണ്ണന്താനത്തിന് 1,37,749 വോട്ട് കിട്ടി.
സജീവമായി ചാലക്കുടിയും ഇടുക്കിയും
കുന്നത്തുനാട്, പൊരുമ്പാവൂർ, ആലുവ, അങ്കമാലി മണ്ഡലങ്ങൾ ഉൾപെടുന്ന ചാലക്കുടിയിലേയും മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഇടുക്കിയിലേയും പ്രചാരണങ്ങൾക്ക് ചൂടുപിടിച്ച് കഴിഞ്ഞു. ചാലക്കുടിയിൽ ഇടത് സ്ഥാനാർഥിയായി പ്രൊഫ. സി. രവീന്ദ്രനാഥിനേയും ഇടുക്കിയിൽ അഡ്വ. ജോയ്സ് ജോർജിനേയും പ്രഖ്യാപിച്ചതോടെ ഇടത് ക്യാമ്പുകൾ ഉണർന്നു. ഇന്നലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രങ്ങളേന്തി വിളംബര ജാഥകൾ നടന്നു.
കൺവെൻഷനുകളും ഉടനാരംഭിക്കും. രണ്ടിടത്തും കോൺഗ്രസിന്റെ സിറ്റിങ് എം.പി. മാർ തന്നെയാണ് സ്ഥാനാർഥികളെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ഒദ്യോഗീക പ്രഖ്യാപനം വരാത്തതിനാൽ സജീവമായിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന ട്വൻറി20യും ചാലക്കുടിയിൽ ശക്തി തെളിയിക്കാനുളള ശ്രമത്തിലാണ്. ഇവരുടെ സ്ഥാനാർഥി അഡ്വ. ചാർളി പോൾ പ്രചാരണ രംഗത്ത് സജീവമായി. രണ്ടിടങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായിട്ടില്ല.
പോളിങ് ബൂത്തില്‍ എല്ലാവരും തുല്യർ -കലക്ടര്‍
കാക്കനാട്: പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി സംഘടിപ്പിച്ച ക്വിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് സ്വീപ്പ് ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസിൽ രണ്ടുപേരടങ്ങുന്ന 15 ടീമുകളാണ് പങ്കെടുത്തത്.
ആലുവ യു.സി കോളേജിലെ ഡൊമനിക്ക്-വി.കെ.അനുഗ്രഹ് ടീം ഒന്നാം സ്ഥാനവും തിരുവനന്തപുരം മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജിലെ എസ്. ശ്രീവിശാഖ്-ഒ.എം.അമല സഖ്യം രണ്ടാം സ്ഥാനവും തേവര എസ്.എച്ച് കോളജിലെ എം.നിഖില്‍ സുന്ദര്‍-എസ്. ശിവാനന്ദ് ജോടി മൂന്നാം സ്ഥാനവും നേടി. അസിസ്റ്റന്റ് കലക്ടര്‍ നിഷാന്ത് സിഹാര, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ജെ. മോബി എന്നിവർ സംബന്ധിച്ചു.