പടക്കപ്പുരയുടെ പ്രവർത്തനം അനുമതിയില്ലാതെ; സ്ഫോടനത്തിൽ തകർന്നത് നിരവധി വീടുകൾ

തൃപ്പൂണിത്തുറ: ഉഗ്ര സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത തൃപ്പൂണിത്തുറ ചൂരക്കാട്ട പടക്കപ്പുര പ്രവൃത്തിച്ച അനുമതിയില്ലാതെ. അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരുന്നത്.

പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ പടക്കപ്പുരയിൽ ഇന്ന് രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.

ഉഗ്ര സ്ഫോടനത്തിൽ 25ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിതായാണ് റിപ്പോർട്ട്. പലവീടുകളുടെയും ഓട് മേഞ്ഞ മേൽക്കൂര തകർന്നു. ജനലുകളും വാതിലുകളും തകർന്നു. വീടുകളുടെ മുറ്റത്ത് നിർത്തിയിട്ടിരുന്നതടക്കം നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അരകിലോമീറ്റർ അകലെ വരെ കെട്ടിടാവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. രണ്ടു കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു.

You May Also Like

More From Author