മാസപ്പടി വിവാദം: സി.എം.ആർ.എൽ ഓഫിസിൽ എസ്.എഫ്.ഐ.ഒ റെയ്‌ഡ്

Estimated read time 0 min read

ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനി 1.72 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന റിപ്പോർട്ടിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചാം ദിവസം കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന്റെ ആലുവയിലെ കോർപറേറ്റ് ഓഫിസിൽ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തി. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ സീരിയസ്‍ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) നടത്തിയ റെയ്ഡിൽ ഇ.ഡി സംഘവും ഉൾപ്പെട്ടതായാണ്​ സൂചന.

എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ ഒമ്പതിന്​ പരിശോധനക്കെത്തിയത്. പരിശോധന​ ​​വൈകീട്ട്​ മൂന്നുവരെ നീണ്ടു. ജനുവരി 31നാണ് എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്.എഫ്.ഐ.ഒക്ക്​ വിടാൻ കേന്ദ്രസർക്കാര്‍ തീരുമാനിച്ചത്.

എക്സാലോജിക്, സി.എം.ആർ.എല്ലിൽ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി, സി.എം.ആർ.എൽ എന്നിവക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐ.ടി, മാനേജ്മെന്റ് സേവനങ്ങളുടെ പ്രതിഫലമായാണെന്നാണ് സി.എം.ആർ.എൽ രജിസ്ട്രാർ ഓഫ് കമ്പനീസിൽ അറിയിച്ചിരുന്നത്. എന്നാൽ, ഒരു സേവനവും ലഭ്യമാകാതെതന്നെ എക്സാലോജിക്കിന് സി.എം.ആർ.എൽ തുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.

തുടക്കത്തിൽ കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘത്തിന്റെ അന്വേഷണമാണ് നടന്നത്. എന്നാൽ, ഇവർക്ക്​ കമ്പനിയുടെ പ്രവർ‍ത്തനത്തെക്കുറിച്ച് മാത്രമാണ് അന്വേഷിക്കാൻ അധികാരമുള്ളത്. തുടർന്ന് അന്വേഷണം വിപുലമായ അധികാരങ്ങളുള്ള എസ്.എഫ്.ഐ.ഒയെ ഏൽപിക്കണമെന്ന ആവശ്യം ശക്തമായി. ഷോൺ ജോർജ് ഈ ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്ക്​ പറ്റില്ലെന്നും പകരം കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും കാണിച്ച് ഹൈകോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഈ കേസ് 12ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്.

You May Also Like

More From Author