കടുങ്ങല്ലൂർ: പുനരുപയോഗത്തിനുള്ള ഗൃഹോപകരണങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനത്തിൽ തീപിടിത്തം. പടിഞ്ഞാറെ കടുങ്ങല്ലൂർ കാവിപ്പടിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കയന്റിക്കര പണിക്കരുവീട്ടിൽ സുബിൻ വാടകക്കെടുത്ത് നടത്തുന്ന സ്ഥാപനമാണിത്. വെൽഡിങ് ജോലി നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഏലൂർ, ആലുവ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷ സേനയെത്തി തീയണച്ചു.
കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. ഷാനവാസ്, പി. സജീവ്, കെ.ബി. ജയകുമാർ, ജിത്തു, രൺദീപ് രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വാർഡ് അംഗം ഓമന ശിവശങ്കരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.